സൈ​ബ​റാ​ബാ​ദ് പൊ​ലീ​സ് അറസ്റ്റ് ചെയ്ത വ​ിന​യ് ഭ​ര​ദ്വാ​ജി​ൽ നി​ന്ന് പി​ടി​കൂ​ടി​യ വ്യ​ക്തി​വി​വ​ര​ങ്ങ​ളുടെ പട്ടിക

ഡേറ്റ പെരുങ്കള്ളൻ പിടിയിൽ; ബൈജൂസ് ആപ്പിലെയും കേരളത്തിൽ നിന്നുള്ള 1.57 കോടി വിവരങ്ങളും ചോർത്തി

ഹൈദരാബാദ്: രാജ്യത്തിന്റെ ചരിത്രത്തിലെ ‘ഡേറ്റ പെരുങ്കള്ളൻ’ പിടിയിൽ. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും 66.9 കോടി സ്ഥിതിവിവരക്കണക്കുകളും രഹസ്യ വിവരങ്ങളും മോഷ്ടിച്ച് വിറ്റ വിനയ് ഭരദ്വാജിനെയാണ് സൈബറാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടികൂടി. കേരളത്തിൽ നിന്നടക്കം 24 സംസ്ഥാനങ്ങളിലെയും എട്ട് മെട്രോപൊളിറ്റൻ നഗരങ്ങളിലെയും ഡേറ്റയാണ് മോഷ്ടിച്ചത്. കേരളത്തിൽ നിന്നുള്ള 1.57 കോടി വിവരങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. വിദ്യാർഥികളുടെയും ജി.എസ്.ടിയുടെയും വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെയും പ്രമുഖ ഇ-കോമേഴ്സ് പോർട്ടലുകൾ, സമൂഹ മാധ്യമങ്ങൾ, സാങ്കേതിക ധനകാര്യ സേവന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെയും വിവരങ്ങളാണ് വിനയ് ഭരദ്വാജ് ‘അടിച്ചുമാറ്റിയത്’. ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ച് ‘ഇൻസ്പെയർ വെബ്സ്’ എന്ന വെബ്സൈറ്റ് വഴിയാണ് മോഷ്ടിച്ച ഡേറ്റകൾ വിറ്റത്. കൊച്ചിയടക്കം രാജ്യത്തെ വിവിധ ഇടങ്ങളിൽ സേവനം ലഭ്യമാക്കുന്നുവെന്ന് ഈ വെബ്സൈറ്റിൽ അറിയിപ്പുണ്ട്.

സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ, പാൻ കാർഡുടമകൾ, ഒമ്പത് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ഡൽഹിയിലെ വൈദ്യുതി ഉപഭോക്താക്കൾ, ഡി മാറ്റ് അക്കൗണ്ടുടമകൾ, നീറ്റിന് പഠിക്കുന്നവർ, അതിസമ്പന്നർ, ഇൻഷുറൻസ് പോളിസി ഉടമകൾ, ക്രെഡിറ്റ് കാർഡ്-ഡെബിറ്റ് കാർഡ് ഉടമകൾ എന്നിവരുടെ വിവരങ്ങളും പ്രതി കൈക്കലാക്കിയിരുന്നു. നിരവധി മൊബൈൽ ഫോൺ നമ്പറുകളും ശേഖരിച്ചു. പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകളായ ബൈജൂസിലും വേദാന്തുവിലും പഠിച്ച 18 ലക്ഷം വിദ്യാർഥികളുടെ വിവരങ്ങളും ചോർത്തി. 1.84 ലക്ഷം ഓൺലൈൻ ടാക്സി ഉപയോക്താക്കളുടെയും 4.5 ലക്ഷം മാസശമ്പള ഉദ്യോഗസ്ഥരുടെയും ഡേറ്റകൾ ഇയാളുടെ കൈയിലെത്തി.

യു.പിയിലെ 21.39 കോടിയും മഹാരാഷ്ട്രയിലെ 4.50 കോടിയും വിവരങ്ങൾ ഇയാൾ അനധികൃതമായി വിൽപന നടത്തി. വെബ്സൈറ്റിൽ പണമടച്ചാൽ വിവരം നൽകും. ഉദാഹരണമായി ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ വിവരങ്ങൾ ആവശ്യമുള്ളവർക്ക് അവ നൽകും. സമൂഹ മാധ്യമങ്ങൾ വഴിയും വിൽപനയുണ്ട്. സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർഥികളുടെ വിശദവിവരങ്ങൾ ആവശ്യമുള്ളവർക്ക് കാശടച്ചാൽ ക്ലൗഡ് ലിങ്ക് വഴി ഡേറ്റയുള്ള സോഫ്റ്റ്വെയർ കൈമാറുന്നതാണ് പതിവ്. ഒരാഴ്ച മുമ്പ് 16.08 കോടി പേരുടെ ഡേറ്റ കൈക്കലാക്കി വിറ്റ രണ്ടുപേരെ സൈബറാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീണ്ടും അറസ്റ്റുണ്ടായതോടെ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

Tags:    
News Summary - Vinay Bhardwaj arrested by Cyberabad Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.