വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു; തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ജോലി രാജിവെച്ചിരുന്നു.

ഇന്ത്യൻ റെയിൽവെയിൽ സേവനമനുഷ്ടിക്കാൻ സാധിച്ചത് ജീവിതത്തിലെ ധന്യനിമിഷങ്ങളൊണെന്നാണ് വിനേഷ് എക്സിൽ കുറിച്ചത്. ജീവിതത്തിന്റെ നിർണായക ഘട്ടത്തിൽ റെയിൽവേ ജോലി രാജിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്ര സേവനത്തിൽ റെയിൽവേ എനിക്ക് നൽകിയ ഈ അവസരത്തിന് ഇന്ത്യൻ റെയിൽവേ കുടുംബത്തോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും വിനേഷ് എക്സിൽ കുറിച്ചു.

രാജിക്ക് പിന്നാലെ വിനേഷിന് റെയിൽവെ കാരണം കാണിക്കൽ നോട്ടീസും നൽകി. ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് ബജ്റംഗ് പുനിയ. പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ ഗുസ്തിയിൽ ഫൈനലിലെത്തി ചരിത്രം കുറിച്ചെങ്കിലും അമിത ഭാരത്തിന്റെ പേരിൽ വിനേഷിനെ അയോഗ്യയാക്കപ്പെടുകയായിരുന്നു. അതിനു പിന്നാലെ വിനേഷ് ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. വനിത ഗുസ്തി താരങ്ങൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ബി.ജെ.പി മുൻ എം.പിയും റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കഴിഞ്ഞ വർഷം നടന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായിരുന്നു ഇരുവരും.

സെപ്റ്റംബർ  നാലിന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി  ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്. കോൺഗ്രസിന്റെ ചരിത്രത്തിലെ വലിയ ദിനമെന്നാണ് ഇരുവരുടെയും അംഗത്വത്തെ കുറിച്ച് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. വിനേഷും പുനിയയും നേതാക്കളായത് പോരാട്ടത്തിലൂടെയാണ്. കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

കോൺഗ്രസിനൊപ്പം നിൽക്കുന്നത് അഭിമാനമാണെന്ന് വിനേഷ് മറുപടി പറഞ്ഞു. ബി.ജെ.പി ഒഴികെ മറ്റെല്ലാ പാർട്ടികളും തങ്ങളെ ചേർത്തുപിടിച്ചതായി ബജ്റംഗ് പുനിയയും പറഞ്ഞു.

Tags:    
News Summary - Vinesh Phogat, Bajrang Punia Join Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.