വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ; ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിക്കും

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. അടുത്ത മാസം ഹരിയാനയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും സ്ഥാനാർഥികളാകും. ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട ശേഷമാണ് പാർട്ടിയിൽ അംഗത്വമെടുത്തത്. പാരിസ് ഒളിമ്പിക്സിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ വിനേഷ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ ലൈഗികാരോപണത്തെ തുടർന്നുണ്ടായ പ്രതിഷേധ പരിപാടികളിൽ വിനേഷും ബജ്‌രംഗും മുൻനിരയിലുണ്ടായിരുന്നു. ഗുസ്തിതാരങ്ങൾ സമരം നടത്തിയവേളയിൽ താരങ്ങൾക്ക് പൂർണ പിന്തുണയുമായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആരോപണത്തെ തുടർന്ന് സിറ്റിങ് എം.പിയായിരുന്ന ബ്രിജ് ഭൂഷനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്തിയിരുന്നു. കൈസർഗഞ്ച് മണ്ഡലത്തിൽനിന്ന് ബ്രിജ് ഭൂഷന്‍റെ മകൻ കരൺ ഭൂഷനാണ് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചത്.

കഴിഞ്ഞ ദിവസം കർഷക സമരവേദിയിലെത്തിയും കേന്ദ്രസർക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമർശനം ഉന്നയിച്ചു. പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിലെ കർഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കർഷകന്‍റെ മകളായ താൻ എന്നും കർഷക പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കും. കർഷകരാണ് രാജ്യത്തിന്‍റെ ശക്തി. അവരെ കേൾക്കാൻ സർക്കാർ തയാറാകണം. കർഷകർ തെരുവിൽ ഇരുന്നാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും വിനേഷ് പറഞ്ഞു.

പാരിസ് ഒളിമ്പിക്സിൽ‌ 50 കിലോ വിഭാഗം വനിതാ ഗുസ്തിയിൽ ഫൈനൽ വരെയെത്തിയ വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെ‍ഡൽ പോരാട്ടത്തിനു തൊട്ടുമുൻപ് അയോഗ്യയാക്കിയിരുന്നു. ശരീര ഭാരം 100 ഗ്രാം കൂടിയതിന്‍റെ പേരിലാണ് താരത്തെ അയോഗ്യയാക്കിയത്. വെള്ളി മെഡൽ നൽകണമെന്ന ആവശ്യവുമായി വിനേഷ് രാജ്യാന്തര കായിക കോടതിയിൽ അപ്പീൽ നൽകിയെങ്കിലും താരത്തിന്‍റെ ആവശ്യം തള്ളുകയായിരുന്നു.

Tags:    
News Summary - Vinesh Phogat, Bajrang Punia To Contest Haryana Polls As Congress Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.