കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 36.05 ശതമാനവും പോക്സോക്കേസുകളാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. 2021ൽ 1,49,404 കേസുകൾ രജിസ്റ്റർ ചെയ്തു. അതിൽ 53,874 കേസുകൾ പോക്സോ കേസുകളാണ്. ഓരോ വർഷവും പോക്സോ കേസുകൾ വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്കെതിരായ ആകെ അതിക്രമക്കേസുകളുടെ എണ്ണത്തിൽ 16.2 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ൽ 28.9 ശതമാനയിരുന്നിടത്ത് 2021ൽ 33.6 ശതമാനമായി വർധിച്ചിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2020ൽ രജിസ്റ്റർ ചെയ്ത 1,28,531 കുട്ടികൾക്കെതിരായ അതിക്രമക്കേസുകളിൽ 47,221കേസുകൾ പോക്സോ ആണ്. 2019ൽ 47,335 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആ വർഷം ആകെ 1, 48,185 കേസുകൾ കുട്ടികൾക്കെതിരായ അതിക്രമത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 ലും 2020ലും ഓരോ ഒരു ലക്ഷം കേസുകളിലും 10.6 ശതമാനമായിരുന്നു പോക്സോ കേസുകളെങ്കിൽ 2021ൽ അത് 12.1 ശതമാനമായി വർധിച്ചിട്ടുണ്ട്.
രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളുടെ ശതമാനക്കണക്കെടുത്താൽ ഒന്നാം സ്ഥാനം സിക്കിമിനാണ്. ആകെ കേസുകളുടെ 48.6 ശതമാനവും സിക്കിമിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. 28.1ശതമാനം. 27.8 മേഘാലയയിലും 24.7 ഹരിയാനയിലും 24.6 മിസോറാമിലുമാണ് രജിസ്റ്റർചെയ്തിട്ടുള്ളത്.
അതേസമയം, കേസുകളുടെ എണ്ണം വരുമ്പോൾ ഏറ്റവും കൂടുതൽ യു.പിയിലാണ് രജിസ്റ്റർ ചെയ്തത്. 7,129 കേസുകൾ. 6200 കേസുകൾ രജിസ്റ്റർ ചെയ്ത മഹാരാഷ്ട രണ്ടാം സ്ഥാനത്തും 6070 കേസുകളുമായി മധ്യപ്രദേശ് മൂന്നാമതും ഉണ്ട്.
പോക്സോ കേസുകളെ കൂടാതെ, തട്ടിക്കൊണ്ടുപോകലാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കൂടുതലായി രജിസ്റ്റർ ചെയ്യുന്ന കേസുകൾ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.