കൊൽക്കത്ത: വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ പലയിടത്തും അക്രമം. രാജ്യം ഉറ്റുനോക്കുന്ന നന്ദിഗ്രാമിലെ വോട്ടെടുപ്പിനിടെ, തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇവിടെ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയും തമ്മിലാണ് മത്സരം.
നന്ദിഗ്രാമിലെ ബൂത്തുകളിൽ തൃണമൂൽ-ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. പുറത്തുനിന്നുള്ളവർ എത്തിയാണ് അക്രമം നടത്തിയതെന്ന് ഇരു കക്ഷികളും ആരോപിച്ചു. വോട്ടർമാരെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് മമത ഗവർണർ ജഗ്ദീപ് ധൻഖറെ ഫോണിൽ വിളിച്ചു. ബൂത്ത് പിടിക്കുന്നതായി ആരോപണമുയർന്നശേഷം ഉച്ചക്ക് ബോയൽ മഖ്തബ് പ്രൈമറി സ്കൂളിലെ ഏഴാം നമ്പർ ബൂത്തിൽ മമത എത്തി. ഇവിടെ 40 മിനിറ്റോളം മമത ഇരുന്നു.
നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറുണ്ടായി. ടകപുര മേഖലയിലാണ് സംഭവം. സുവേന്ദുവിെൻറ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടന്ന കല്ലേറുകൊണ്ടത് മാധ്യമ പ്രവർത്തകരുടെ വാഹനത്തിനാണെന്ന് പറയുന്നു. കമൽപുരിൽ മാധ്യമ വാഹനം ആക്രമികൾ തകർത്തു.
ഇതെല്ലാം പാകിസ്താനികളുടെ പണിയാണെന്നും 'ജയ് ബംഗ്ല' മുദ്രാവാക്യം ബംഗ്ലാദേശിെൻറതാണെന്നും സുവേന്ദു പറഞ്ഞു. ബൂത്തിൽ ഒരു പ്രത്യേക സമുദായാംഗങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം വർഗീയ ചുവയോടെ പറഞ്ഞു.
രാവിലെതന്നെ വിവിധ ജില്ലകളിൽ അക്രമ സംഭവങ്ങളുണ്ടായി. കേശ്പുരിൽ ബി.ജെ.പി വനിത ബൂത്ത് ഏജൻറിന് തൃണമൂലുകാരുടെ മർദനമേറ്റു. ബൂത്തിലേക്ക് പോകുന്ന വോട്ടർമാരെ തൃണമൂൽ പ്രവർത്തകർ തടയുന്നതായി ആരോപിച്ച് ഘടൽ എന്ന സ്ഥലത്ത് സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചു.
ബി.ജെ.പിയേയും അവരുടെ ഗുണ്ടകളേയും സഹായിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സി.ആർ.പി.എഫിനും ബി.എസ്.എഫിനും നേരിട്ട് നിർദേശം നൽകുകയായിരുന്നെന്ന് മമത ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ നിശ്ശബ്ദമാണ്. പ്രതിഷേധമുയർത്തിയിട്ടും അവർ ബി.ജെ.പി സ്ഥാനാർഥികളെ സഹായിക്കുന്നു. പോളിങ് ദിനത്തിൽപോലും നരേന്ദ്ര മോദി പ്രചാരണം നടത്തുകയാണ്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണ് -മമത പറഞ്ഞു. താൻ വിജയിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, തനിക്ക് ജനാധിപത്യത്തെക്കുറിച്ച് ആശങ്കയുണ്ട്. നിരന്തരം പരാതികൾ നൽകിയിട്ടും അവഗണിച്ച കമീഷനെതിരെ കോടതിയെ സമീപിക്കുമെന്നും മമത കൂട്ടിച്ചേർത്തു. വിവിധയിടങ്ങളിൽ ബി.ജെ.പി ബൂത്തുകൾ പിടിച്ചെടുത്തതായി തൃണമൂൽ കോൺഗ്രസ് കമീഷന് പരാതി നൽകിയിട്ടുണ്ട്.
കേശ്പുരിലെ ബി.ജെ.പി സ്ഥാനാർഥി തൻമയ് ഘോഷിെൻറ കാറിനുനേരെയും ആക്രമണമുണ്ടായി. ഭാഗ്യംകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
24 പർഗാനാസ്, ബങ്കുറ, പശ്ചിമ, പൂർവ മിഡ്നാപുർ ജില്ലകളിലെ വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ വോട്ടു ചെയ്തത്. ഇവിടുത്തെ 30 സീറ്റുകളിലും ബി.ജെ.പിയും തൃണമൂലും മത്സരിക്കുന്നുണ്ട്. സി.പി.എം 15 സീറ്റുകളിലും സഖ്യകക്ഷികളായ കോൺഗ്രസും ഐ.എസ്.എഫും 13ഉം രണ്ടും വീതം സീറ്റുകളിലും ജനവിധി തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.