പാട്ന: സൈന്യത്തിന്റെ അഗ്നിപഥ് റിക്രൂട്ട്ന്റ് സംവിധാനത്തിനെതിരെ ബിഹാറിലെ വിവിധയിടങ്ങളിൽ ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിന്റെ രണ്ടാം ദിനവും ഉദ്യോഗാർഥികൾ റെയിൽ- റോഡ് ഗതാഗതം സ്തംഭിപ്പിച്ചു.
അക്രമാസക്തരായ ഉദ്യോഗാർഥികൾ ഭാഭുവ റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്റർസിറ്റി എക്സ് പ്രസിന്റെ ജനൽ ചില്ലുകൾ തകർത്തു. ഒരു കോച്ചിന് തീയിട്ടു. ഇന്ത്യൻ സൈന്യത്തെ സ്നേഹിക്കുന്നവർ എന്ന ബാനർ പിടിച്ചാണ് പ്രതിഷേധക്കാർ എത്തിയത്. പുതിയ റിക്രൂട്ട്മെന്റ് സംവിധാനത്തെ അംഗീകരിക്കില്ലെന്നും ഉദ്യോഗാർഥികൾ മുദ്രാവാക്യം വിളിച്ചു.
അരാഹ് റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റെയിൽവേസ്റ്റേഷനിലെ ഫർണിച്ചറുകൾക്കടക്കം തീകൊളുത്തിയാണ് പ്രതിഷേധം നടന്നത്. റെയിൽവേ ജീവനക്കാർ ഫയർ എക്സ്റ്റിൻഗ്യുഷറുകൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജെഹനാബാദിൽ റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ച ഉദ്യോഗാർഥികളെ മാറ്റാനുള്ള പൊലീസ് ശ്രമത്തിനിടെ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. റെയിൽവേസ്റ്റേഷനിൽ പൊലീസും പ്രതിഷേധക്കാരും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് തോക്ക് ചൂണ്ടി പ്രതിഷേധക്കാരെ ഭയപ്പെടുത്തി തിരിച്ചയക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
നവാഡ സ്റേറഷനിൽ റെയിൽവേ ട്രാക്കിൽ ടയർ കത്തിച്ച് ഗതാഗതം തടഞ്ഞു. സഹർസ, ചാപ്ര എന്നിവിടങ്ങളിലെല്ലാം അക്രമാസക്തരായ പ്രതിഷേധക്കാർ റെയിൽ റോഡ് ഗതാഗതം തടഞ്ഞു. ഉത്തർ പ്രദേശിലെ വിവിധയിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.
അഗ്നിപഥ് എന്ന റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരം നാല് വർഷത്തേക്കാണ് സെനിക സേവനത്തിനായി ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നത്. നാലു വർഷത്തിന് ശേഷം പിരിഞ്ഞു പോകുന്നവർക്ക് റിട്ടയർമെന്റ് പാക്കേജായി 12 ലക്ഷം രൂപ വരെ നൽകുമെങ്കിലും പെൻഷൻ അടക്കമുള്ളവ ഉണ്ടാവുകയില്ല. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.