സൈനികനാകണമെന്ന ആഗ്രഹവുമായി നോയിഡയുടെ തെരുവുകളിൽ ഓടി പരിശീലിക്കുന്നത് വീഡിയോയിലൂടെ പുറത്തറിഞ്ഞ് വൈറലായ പ്രദീപ് മെഹ്റക്ക് പിന്നാലെ ദേശീയ മാധ്യമങ്ങൾ. 19കാരനെ ചാനലിലേക്ക് വിളിച്ചു വരുത്തി സ്റ്റുഡിയോയിൽ ഓടിച്ച ചാനലിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ന്യൂസ്18 ചാനൽ കഴിഞ്ഞ ദിവസമാണ് പ്രദീപ് സ്റ്റുഡിയോയിൽ ഓടുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്. ആദ്യം പങ്കുവച്ച വീഡിയോയിൽ പ്രദീപ് തന്‍റെ ആഗ്രഹങ്ങളെ കുറിച്ചും സൈനിക മോഹത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ന്യൂസ്റൂമിൽ പ്രദീപ് ഓടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
ദൃശ്യങ്ങൾക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽനിന്നും ഉയരുന്നത്. ഇത്തരം പ്രവൃത്തികൾ അപലപനീയമാണെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്.
മക്ഡോണാൾഡ്സ് ജീവനക്കാരനായ പ്രദീപ് മെഹ്റ ജോലി കഴിഞ്ഞ് വീട്ടിലേക്കെത്താൻ 10 കിലോമീറ്റർ ഓടുന്നതിന്‍റെ ദൃശ്യങ്ങൾ ചലച്ചിത്ര സംവിധായകനായ വിനോദ് കാപ്രിയാണ് പങ്കുവച്ചത്. സൈന്യത്തിൽ ചേരണമെന്ന് അതിയായ ആഗ്രഹമുള്ള പ്രദീപ് പകൽ സമയങ്ങളിൽ പരിശീലനത്തിന് സമയം കിട്ടാത്തതിനാലാണ് ജോലിക്ക് ശേഷം രാത്രികളിൽ വീട്ടിലേക്കുള്ള ഓട്ടം പതിവാക്കിയത്.
അർധരാത്രി റോഡിലൂടെ യുവാവ് തനിച്ചോടുന്നത് ശ്രദ്ധയിൽപ്പെട്ട കാപ്രി അദ്ദേഹത്തിന് കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും എന്നാൽ പ്രദീപ് വിനയപൂർവ്വം അത് നിരസിക്കുന്നതുമാണ് കാപ്രി തന്‍റെ വിഡിയോയിലൂടെ പങ്കുവെച്ചത്. വിഡിയോ കണ്ട ലഫ്റ്റനന്റ് ജനറൽ സതീഷ് ദുആ വിഡിയോ ട്വീറ്റ് ചെയ്യുകയും പ്രദീപിനെ സഹായിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.