ചെന്നൈ: കോവിഡ് രോഗിയുടെ മൃതദേഹം കാട്ടിൽ തള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ ചൊല്ലി തമിഴ്നാട്ടിൽ വിവാദം. ജൂൺ 16ന് ഇരുങ്ങല്ലൂരിലെ തിരുച്ചി എസ്.ആർ.എം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹമാണ് കാട്ടിൽ തള്ളിയതായി ആരോപണം ഉയർന്നത്. ഇതിൻെറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ, ആശുപത്രിയെ കരിവാരിതേക്കാൻ മനപൂർവം എഡിറ്റ് ചെയ്ത വിഡിയോ ആണ് പ്രചരിക്കുന്നതെന്ന് ആശുപത്രി ഡീനും ഡെപ്യൂട്ടി ഡയറക്ടറുമായ എൻ. ബാലസുബ്രഹ്മണ്യൻ ആരോപിച്ചു. ഇക്കാര്യത്തിൽ പൊലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രി വാനിൻെറ പിൻവാതിലിലിലൂടെ പുറത്തെടുത്ത മൃതദേഹം മൂന്നുപേർ ചേർന്ന് കാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിപിഇ കിറ്റ് ധരിച്ചയാൾ "എനിക്ക് ഇതിലൂടെ നടക്കാൻ കഴിയില്ല" എന്ന് പറയുേമ്പാൾ അത് അവിടെത്തന്നെ ഇടാൻ മറ്റൊരാൾ പറയുന്നതും കേൾക്കാം. തുടർന്ന് മൂന്നുപേരും മൃതദേഹം അവിടെ ഉപേക്ഷിച്ച് വാനിൽ കയറുന്നതാണ് വിഡിയോയിലുള്ളത്.
എന്നാൽ, മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഇരിങ്ങല്ലൂരിനടുത്ത് സംസ്കാരം നടന്നതെന്ന് എൻ. ബാലസുബ്രഹ്മണ്യൻ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയെ ആദരവോടെയാണ് കൈകാര്യം ചെയ്തതെന്നും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"സർക്കാരിന് ഫയൽ ചെയ്യാനായി സംസ്കാരച്ചടങ്ങ് പൂർണമായും ഉദ്യോഗസ്ഥർ വീഡിയോയിൽ പകർത്തിയിരുന്നു. ഇതിൻെറ ഭാഗങ്ങൾ എഡിറ്റുചെയതാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. പാരാമെഡിക്കൽ സ്റ്റാഫ് മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് പ്രചരണം. ഞങ്ങളുടെ ആരോഗ്യവും സുഖസൗകര്യങ്ങളും പണയംവെച്ചാണ് കോവിഡ് രോഗികളെ പരിചരിക്കുന്നത്. ഇത്തരം ആരോപണം ആരോഗ്യപ്രവർത്തകരെ നിരാശരാക്കും" -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ജോ. ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ല കലക്ടർ എസ്. ശിവരസു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.