ചെന്നൈ: തമിഴ് ടെലിവിഷൻ താരം വി.ജെ ചിത്രയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 28 വയസ്സായിരുന്നു. വിജയ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശസ്തയായ നടിയാണ് ചിത്ര. നസറേത്ത് പേട്ടയിലുള്ള ഫൈവ് സ്റ്റാർ ഹോട്ടലിലെ മുറിയിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് താരം സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയത്. ബിസിനസ്കാരൻ കൂടിയായ ഹേമന്തിനൊപ്പമായിരുന്നു താമസം. ഇരുവരുടേയും വിവാഹനിശ്ചയം ഏതാനും മാസങ്ങൾക്ക് മുൻപാണ് നടന്നത്.
ഏകദേശം ഒരുമണിയോടെയാണ് ചിത്ര ഹോട്ടൽ മുറിയിൽ ചെക് ഇൻ ചെയ്തതെന്ന് മാനേജർ പറഞ്ഞു. മൂന്നരയോടെയാണ് ഹോട്ടലിൽ നിന്ന് പൊലീസിന് ഫോൺ വന്നത്. മരണകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
തമിഴ് പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയൽ നടിയാണ് ചിത്ര. ടി.വി ഷോകളിൽ ആങ്കറായി എത്തിയ ചിത്ര പിന്നീടാണ് സീരിയലുകളിൽ വേഷമിട്ടത്. ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന തമിഴ് സിനിമയിലും ചിത്ര അഭിനയിക്കാനിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായിരുന്നു താരം. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ചിത്ര ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.