ലഖ്‌നോ: പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് വിളി ഉറക്കം കെടുത്തുന്നുവെന്ന് അലഹബാദ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പരാതി. യൂനിവേഴ്സിറ്റിയുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് വി.സി സംഗീത ശ്രീവാസ്തവ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയത്.
പരാതിയെ തുടർന്ന് പ്രയാഗ്രാജ് (പഴയ അലഹബാദ്) ജില്ല ഭരണകൂടം സിവിൽ ലൈൻ റോഡിലെ ലാൽ മസ്ജിദ് അധികൃതരോട് ഉച്ചഭാഷിണിയുടെ സ്ഥാനം മാറ്റാനും ശബ്ദം കുറക്കാനും ആവശ്യപ്പെട്ടു. മാർച്ച് മൂന്നിന് വി.സി എഴുതിയ കത്ത് ഈ ആഴ്ചയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. യൂനിവേഴ്സിറ്റി കാമ്പസിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സിവിൽ ലൈനിലാണ് സംഗീത ശ്രീവാസ്തവ താമസിക്കുന്നത്.
''എല്ലാ ദിവസവും പുലർച്ചെ 5.30ഓടെ പള്ളിയിൽനിന്ന് ഉച്ചത്തിലുള്ള ബാങ്ക് ഉറക്കം കളയുന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം തിരിച്ചുകിട്ടുന്നില്ല. ഇത് മൂലം ദിവസം മുഴുവൻ തലവേദന അനുഭവപ്പെടുന്നു. ജോലി സമയം നഷ്ടപ്പെടാനും കാരണമാകുന്നു. ഞാൻ ഒരു മതത്തിനും ജാതിക്കും മതത്തിനും എതിരല്ല. 'എന്‍റെ മൂക്ക് ആരംഭിക്കുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു" എന്ന കാര്യം ഓർമിക്കണം'' -ശ്രീവാസ്തവ പരാതിയിൽ പറഞ്ഞു.
അവർക്ക് പ്രയാസമുണ്ടെങ്കിൽ നേരിട്ട് പറയാമായിരുന്നുവെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് ശബ്ദം കുറച്ചിട്ടുണ്ടെന്നും മസ്ജിദ് അഡ്മിനിസ്ട്രേഷൻ കോർഡിനേറ്റർ കലിമുറഹ്മാൻ പറഞ്ഞതായി ദി പ്രിന്‍റ് റിപ്പോർട്ട് ചെയ്തു.
അതേസമയം, വി.സിയുടെ നീക്കത്തിനെതിരെ വ്യാപക എതിർപ്പും ഉയരുന്നുണ്ട്. വി.സിയുടെത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് എൻ.എസ്.യു സംസ്ഥാന പ്രസിഡന്‍റും അലഹബാദ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുമായ അഖിലേഷ് യാദവ് ആരോപിച്ചു. ''വ്യക്തിപരമായ പ്രശ്നത്തെക്കുറിച്ച് പരാതിപ്പെടാൻ വി.സി ഒൗദ്യോഗിക ലെറ്റർ ഹെഡ് ഉപയോഗിച്ചു. കാമ്പസിലെ വിദ്യാർഥികളുമായി ബന്ധപ്പെട്ട പല സുപ്രധാന പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രദ്ധിക്കാത്ത വി.സി തന്‍റെ സ്വന്തം കാര്യങ്ങൾ പരിഹരിക്കുന്ന തിരക്കിലാണ്'' -അദ്ദേഹം പറഞ്ഞു.
രണ്ടോ മൂന്നോ മിനിറ്റ് മാത്രം എടുക്കുന്ന ബാങ്കിനെതിരെ ഇത്രയും ഉയർന്ന തസ്തികയിലുള്ള ഒരാൾ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഷിയാ നേതാവ് മൗലാന സെയ്ഫ് അബ്ബാസ് അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളിലെ പ്രഭാത ആരതിക്കും കീർത്തനത്തിനുമെതിരെ പരാതിപ്പെടാൻ വി.സി ധൈര്യം കാണിക്കുമോ എന്നും സെയ്ഫ് അബ്ബാസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.