ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ വീറോടെ നടന്ന പ്രചാരണത്തിനൊടുവിൽ രാജസ്ഥാൻ നിയമസഭയിലേക്ക് ആരൊക്കെ പോകണമെന്ന ജനവിധി വോട്ടുയന്ത്രത്തിൽ. പ്രചാരണത്തിനിടയിൽ കാണിച്ച ഐക്യമുഖത്തിനപ്പുറം വിവിധ പാർട്ടികളിൽ ഇനിയാണ് യുദ്ധം. സ്ഥാനാർഥി നിർണയത്തിലെ തർക്കം, പ്രചാരണത്തിലെ ചേരിതിരിവ് എന്നിവയെക്കുറിച്ച കടുത്ത അഭിപ്രായ ഭിന്നത പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഭരണം ആർക്കെന്ന് ഉറപ്പിക്കുന്നതോടെ അത് ശക്തമാകും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.
പാർട്ടികൾക്കുള്ളിലെ യുദ്ധം അതിന് മുമ്പുതന്നെ തുടങ്ങുമോ എന്നു മാത്രമാണ് കണ്ടറിയേണ്ടത്. ഭരണം ആർക്ക് കിട്ടിയാലും വിമതരെ ഒതുക്കുന്ന പണി കൂടുതൽ ശക്തമായി നടക്കും. ബി.ജെ.പിയിൽ ഒതുക്കപ്പെടാൻ പോകുന്നത് വസുന്ധര രാജെയും സംഘവുമാണ്. കോൺഗ്രസിൽ അധികാരം കിട്ടിയാൽ അശോക് ഗെഹ്ലോട്ട് തന്നെ മുഖ്യമന്ത്രി. കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണ കിട്ടിയാൽകൂടി സചിൻ പൈലറ്റിന് മൂലക്കിരിക്കേണ്ടിവരും.
സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളുടെ അകമ്പടിയോടെ പ്രചാരണത്തിലേക്ക് നീങ്ങിയ കോൺഗ്രസിലും ബി.ജെ.പിയിലും നേതൃനിരയിൽ ഏകോപനം വേണ്ടത്ര ഉണ്ടായില്ല. അത് പ്രവർത്തനങ്ങളെ ബാധിച്ചിട്ടുമുണ്ട്. കോൺഗ്രസ് പരാജയപ്പെട്ടാൽ സിറ്റിങ് എം.എൽ.എമാരെ ജനരോഷം മറികടന്ന് വീണ്ടും സ്ഥാനാർഥികളാക്കാൻ ശക്തമായി വാദിച്ച ഗെഹ്ലോട്ടിന് പഴി കേൾക്കേണ്ടിവരും. ബി.ജെ.പി പരാജയപ്പെട്ടാൽ കേന്ദ്രനേതൃത്വത്തിന് ശക്തമായ തിരിച്ചടിയാണത്. റെബലുകളുടെ വിഴുപ്പലക്കലും ഇരു പാർട്ടികൾക്കുമെതിരെ വരാനിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.