ന്യൂഡൽഹി: കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീവാസ്തവക്ക് കത്തുനൽകി. 148 എഫ്.ഐ ആറുകൾ രജിസ്റ്റർ ചെയ്തെന്നും നിരവധിപേർ അറസ്റ്റിലായെന്നുമാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും നിരവധി വീടുകൾ താൻ സന്ദർശിച്ചിരുന്നു. അവർക്ക് പരാതി നൽകാൻ ആയിട്ടില്ലെന്നും സ്വമേധയ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചിട്ടില്ലെന്നുമാണ് കുടുംബാംഗങ്ങളും പരിക്കേറ്റവരും പറഞ്ഞത്.
സി.ആർ.പി.സി 41 സി പ്രകാരം അറസ്റ്റിലായവരുടെ വിവരങ്ങൾ വെളിപ്പെടുത്തണം. എല്ലാ ജില്ലകളിലും പൊലീസ് കൺട്രോൾ റൂമുകൾ തുറക്കണമെന്ന് ഈ വ്യവസ്ഥ നിർദേശിക്കുന്നു. ഇവിടെ അറസ്റ്റിലായവരുടെയും അറസ്റ്റ് ചെയ്തവരുടെയും പേരുകൾ പ്രദർശിപ്പിക്കണം. സംസ്ഥാനതലത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ സമയബന്ധിതമായി ഈ വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണ്. നിയമപരമായ ബാധ്യത പൊലീസ് നിറവേറ്റുന്നില്ല. അറസ്റ്റിലായവരുടെ പേരുകൾ എവിടെയും പ്രദർശിപ്പിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.