ന്യൂഡൽഹി: കനത്ത മഴയ്ക്കിടെ ന്യൂഡൽഹിയിലെ വസന്ത് വിഹാർ പ്രദേശത്തെ നിർമ്മാണ സ്ഥലത്ത് തകർന്ന മതിലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ ശനിയാഴ്ച പുറത്തെടുത്തു. ഇതോടെ ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി.
നിർമ്മാണത്തിലിരിക്കുന്ന മതിൽ വെള്ളിയാഴ്ച തകർന്നു വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി ഡി.എഫ്.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. സന്തോഷ് കുമാർ യാദവ് (19), സന്തോഷ് (38) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി, സിവിൽ ഏജൻസികൾ എന്നിവയുടെ സംഘങ്ങളാണ് ഓപ്പറേഷൻ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. 88 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന മഴ പെയ്ത നഗരത്തിൽ വെള്ളിയാഴ്ച അഞ്ച് പേർ മരിച്ചിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് ടാക്സി ഡ്രൈവറും പ്രേം നഗർ പ്രദേശത്ത് വൈദ്യുതാഘാതമേറ്റ് 39 കാരനും ന്യൂ ഉസ്മാൻപൂരിലും ഷാലിമാർ ബാഗിലും മൂന്ന് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.