ന്യൂഡൽഹി: ഹിന്ദുത്വ വോട്ടുബാങ്കിനായി ബി.ജെ.പിയുമായുള്ള പോരിൽ അശേഷം പിറകോട്ടില്ലെന്നു തെളിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ ബി.ജെ.പിയുടെ ഉദ്ദേശ്യം ജുഗുപ്സാവഹമാണെന്ന് കുറ്റപ്പെടുത്തിയ കെജ്രിവാൾ ഏക സിവിൽ കോഡ് കൊണ്ടുവരുകയാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെങ്കിൽ രാജ്യത്ത് എന്തുകൊണ്ടാണിത് നടപ്പാക്കാത്തതെന്ന് ചോദിച്ചു.
രാജ്യമൊട്ടുക്കും ഏക സിവിൽകോഡ് നടപ്പാക്കാൻ ലോക്സഭ തെരഞ്ഞെടുപ്പിനു കാത്തിരിക്കുകയാണോ എന്നും കെജ്രിവാൾ ആരാഞ്ഞു. ബി.ജെ.പിക്ക് ഏക സിവിൽ കോഡ് കൊണ്ടുവരാൻ ഉദ്ദേശ്യമില്ലേ എന്ന് ജനങ്ങൾ അവരോട് പോയി ചോദിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
ഏക സിവിൽ കോഡിനായി സമിതിയുണ്ടാക്കി ബി.ജെ.പി ഹിന്ദുത്വ കാർഡിറക്കിയതിനു പിറ്റേന്ന് ഗുജറാത്തിൽ ചെന്നാണ് അതേ കാർഡ് ഏറ്റെടുത്ത് കെജ്രിവാൾ ഏക സിവിൽ കോഡിൽ ബി.ജെ.പിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്തത്.
ബി.ജെ.പിയുടെ ഉദ്ദേശ്യം ജുഗുപ്സാവഹമാണ് എന്ന് കെജ്രിവാൾ വിമർശിച്ചു. ഏക സിവിൽകോഡ് കൊണ്ടുവരേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദത്തിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. എല്ലാ സമുദായങ്ങളെയും കൂടെ നിർത്തി ഏക സിവിൽകോഡ് കൊണ്ടുവരണം. ബി.ജെ.പി എന്താണ് ചെയ്തത്? ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനുമുമ്പ് ഒരു സമിതിയുണ്ടാക്കി.
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സമിതി അവരുടെ വീട്ടിൽ പോയി. ഇപ്പോൾ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മൂന്നു ദിവസം മുമ്പ് ഒരു സമിതിയുണ്ടാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഈ സമിതിയും വീട്ടിലേക്കു മടങ്ങും. മധ്യപ്രദേശിലും ഉത്തർപ്രദേശിലും എന്തുകൊണ്ട് ഉണ്ടാക്കുന്നില്ല. ഏക സിവിൽ കോഡ് കൊണ്ടുവരുകയാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെങ്കിൽ രാജ്യത്ത് എന്തുകൊണ്ടാണ് ഇത് നടപ്പാക്കാത്തത്? രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാൻ ലോക്സഭ തെരഞ്ഞെടുപ്പിന് കാത്തിരിക്കുകയാണോ എന്നും കെജ്രിവാൾ ചോദിച്ചു. ബി.ജെ.പിക്ക് ഏക സിവിൽ കോഡ് കൊണ്ടുവരാൻ ഉദ്ദേശ്യമില്ലേ എന്ന് ജനങ്ങൾ അവരോട് പോയി ചോദിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും കറന്‍സി നോട്ടുകളില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഹിന്ദുത്വ കാർഡിറക്കിയതിനു പിന്നാലെയാണ് ബി.ജെ.പി ഗുജറാത്തിൽ ഏക സിവിൽ കോഡ് നമ്പറിറക്കിയത്. അതിനുശേഷം രാമായണത്തിലെ കഥാപാത്രത്തെ ഓർമിപ്പിച്ച് 'ഡൽഹിയുടെ ശ്രാവൺകുമാർ' ആയ തനിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട കെജ്രിവാൾ എല്ലാ ബി.ജെ.പി പ്രവർത്തകരും ആം ആദ്മി പാർട്ടി(ആപ്)യിലാകുന്ന സമയം വരുമെന്നും പറഞ്ഞിരുന്നു.
തന്റെ സർക്കാറിന്റെ ഹിന്ദുവിരുദ്ധ മനഃസ്ഥിതിയിൽനിന്നും വീഴ്ചകളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള കെജ്രിവാളിന്റെ രാഷ്ട്രീയ നാടകമാണിതെന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം. അതേസമയം, അരവിന്ദ് കെജ്രിവാൾ ബി.ജെ.പിയുടെ ബി ടീമാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.