ന്യൂഡൽഹി: വ്യാജ പ്രചാരണം നടത്തി മുൻവിധികൾ സൃഷ്ടിച്ച് ന്യൂനപക്ഷ സമുദായങ്ങളെ ബി.ജെ.പി പൈശാചികമായി ചിത്രീകരിക്കുകയാണെന്ന് കോൺഗ്രസ്. പുതിയ വഖഫ് ഭേദഗതി ബിൽ, രാജ്യത്തെ സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബി.ജെ.പി തന്ത്രമാണെന്നും ബിൽ ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തിൽ സ്ഥിരമായി ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ സമുദായങ്ങളുടെ പാരമ്പര്യങ്ങളെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇതുവഴി മതത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകൾ ദുർബലപ്പെടുത്തുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
പുതിയ വഖഫ് ബിൽ, മുൻകാലങ്ങളിൽ നിയമങ്ങളിലൂടെ വഖഫ് സ്വത്തുക്കളുടെ പരിപാലനത്തിനായി സ്ഥാപിതമായ വിവിധ സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും സമുദായത്തിന് സ്വന്തം മതപരമായ പാരമ്പര്യങ്ങളും കാര്യങ്ങളും നിയന്ത്രിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു.
വഖഫിന്റെ അടിസ്ഥാനപരമായ അർഥത്തെ നിരാകരിക്കുന്ന രീതിയിൽ ആർക്ക് തങ്ങളുടെ ഭൂമി വിട്ടുനൽകാമെന്നതിൽ ആശയക്കുഴപ്പമുണ്ടാക്കി. ഉപയോഗത്തിലൂടെ വഖഫ് എന്ന ആശയം രാജ്യത്തിന്റെ നിയമസംവിധാനങ്ങൾ രൂപവത്കരിച്ചതാണ്. ഇതു പൂർണമായും നിരാകരിക്കപ്പെട്ടു. വിശദമായ ചർച്ചയോ വസ്തുതാപരമായ പരിശോധനകളോ നടത്താതെ 428 പേജുള്ള ജെ.പി.സി റിപ്പോർട്ട് അവതരിപ്പിച്ചതിലൂടെ പാർലമെന്ററി നടപടികൾ ലംഘിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.