കൊൽക്കത്ത: വഖഫ് നിയമ ഭേദഗതി സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) ചെയർമാനും ബി.ജെ.പി എം.പിയുമായ ജഗദാംബിക പാലിന്റെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ തുടങ്ങുന്ന യോഗങ്ങൾ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി.
ഗുവാഹതി, ഭുവനേശ്വർ, കൊൽക്കത്ത, പട്ന, ലഖ്നോ എന്നിവിടങ്ങളിൽ ആറ് ദിവസങ്ങളിലായി തിരക്കുപിടിച്ച യോഗങ്ങളാണ് ചെയർമാൻ നിശ്ചയിച്ചിരിക്കുന്നതെന്ന് പാർട്ടി എം.പി നാദിമുൽ ഹഖിനൊപ്പം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കല്യാൺ ബാനർജി പറഞ്ഞു.
മുഴുവൻ പ്രതിപക്ഷ അംഗങ്ങളും യോഗം ബഹിഷ്കരിക്കും. ഭാവി കാര്യങ്ങൾ അംഗങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കും. ചെയർമാന്റെ നടപടി പാർലമെന്ററി മാനദണ്ഡങ്ങളുടെ ലംഘനമാണ്. സമിതിയിലെ ഭരണകക്ഷി അംഗങ്ങൾ സ്വന്തം അജണ്ടക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. യോഗങ്ങളിൽ വഖഫ് സ്വത്തുമായി ബന്ധപ്പെട്ടവർക്ക് മതിയായ സമയം നൽകുന്നില്ല. വഖഫുമായി ഒരു പങ്കാളിത്തവുമില്ലാത്ത സംഘടനകളെ യോഗങ്ങൾക്ക് വിളിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
തിരക്കുപിടിച്ചുള്ള തുടർച്ചയായ യോഗങ്ങൾ ഒഴിവാക്കണമെന്നും ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ യോഗങ്ങൾ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചിന് ലോക്സഭ സ്പീക്കറെ കണ്ടിരുന്നു. ആവശ്യം അനുഭാവ പൂർവം പരിഗണിക്കാമെന്ന് സ്പീക്കർ പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.