പ്രിയങ്ക ഗാന്ധിയിൽനിന്ന് രണ്ടു കോടിയുടെ ചിത്രം വാങ്ങാൻ മുൻ കേന്ദ്ര മന്ത്രി നിർബന്ധിച്ചെന്ന് റാണാ കപൂർ

മുംബൈ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയിൽനിന്ന് രണ്ടു കോടി രൂപക്ക് എം.എഫ്. ഹുസൈന്‍റെ ചിത്രം വാങ്ങാൻ മുൻ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്ര നിർബന്ധിച്ചതായി യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂർ. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) മുംബൈയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.

ഈ പണം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ന്യൂയോർക്കിലെ ചികിത്സ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നും റാണാ ഇ.ഡിയോട് വെളിപ്പെടുത്തിയതായാണ് വിവരം. ചിത്രം വാങ്ങാൻ വിസമ്മതിക്കുന്നത് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടാക്കുന്നതിനും പദ്മ ഭൂഷൺ പുരസ്കാരം ലഭിക്കുന്നതിനും തടസ്സമാകുമെന്നും മന്ത്രി പറഞ്ഞതായി റാണാ പറയുന്നു.

സാമ്പത്തിക ക്രമക്കേട് കേസിൽ റാണാ, അദ്ദേഹത്തിന്‍റെ കുടുംബം തുടങ്ങിയവർക്കെതിരെ ഇ.ഡി നൽകിയ രണ്ടാം അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ചിത്രം വാങ്ങാനായി രണ്ടു കോടി തുകക്കുള്ള ചെക്കാണ് കൈമാറിയത്. കേന്ദ്ര മന്ത്രി മുരളി ദേവ്രയുടെ മകനും മുൻ എം.പിയുമായ മിലിന്ദ് ദേവ്രയാണ് ഈ പണം സോണിയ ഗാന്ധിയുടെ ന്യൂയോർക്കിലെ ചികിത്സക്കായി ചെലവഴിച്ചതായി പിന്നീട് തന്നോട് വെളിപ്പെടുത്തിയത്.

സോണിയയുടെ ചികിത്സക്ക് അനുയോജ്യമായ സമയത്ത് ഇടപെട്ട് പിന്തുണച്ചതിനാൽ പദ്മ അവാർഡിന് പരിഗണിക്കുമെന്ന് അഹ്മദ് പട്ടേൽ ഉറപ്പ് നൽകിയതായും റാണാ ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 2020 മാർച്ചിൽ അറസ്റ്റിലായ റാണ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags:    
News Summary - Was Forced To Buy ₹ 2 Crore Painting from Gandhis: Yes Bank's Rana Kapoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.