മുംബൈ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പങ്കെടുത്ത ആഡംബര കപ്പലിലെ പാർട്ടിയിൽ പങ്കെടുക്കാൻ തന്നെയും ഒരാൾ ക്ഷണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ അസ്ലം ഷെയ്ഖ്. കാഷിഫ് ഖാൻ എന്നയാളാണ് തന്നെ പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് കപ്പലിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയതും മയക്കുമരുന്ന് പാർട്ടി നടത്തിയെന്ന കുറ്റത്തിന് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതും.
ആഡംബരക്കപ്പലിൽ പാർട്ടി സംഘടിപ്പിച്ചവർ മന്ത്രി അസ്ലം ഷെയ്ഖിനെയും മഹാരാഷ്ട്രയിലെ മറ്റ് മന്ത്രിമാരുടെ മക്കളേയും പാർട്ടിയിൽ പങ്കെടുപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നുവെന്ന് ഇന്നലെ മന്ത്രി നവാബ് മാലിക് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ കപ്പലിലേക്ക് ക്ഷണിച്ചിരുന്നതായി അസ്ലം ഷെയ്ഖ് പറഞ്ഞത്.
(അസ്ലം ഷെയ്ഖ്)
'കാഷിഫ് ഖാൻ ആരാണെന്നോ അയാളെ ഞാൻ മുമ്പ് കണ്ടിട്ടുണ്ടെന്നോ അറിയില്ല. മുംബൈയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലക്ക് എനിക്ക് വിവിധ പരിപാടികളിലേക്ക് ക്ഷണം ലഭിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണെന്നാണ് കരുതിയത്' -മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു.
ആഡംബരക്കപ്പലിലെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടികൂടിയെന്ന കേസ് വ്യാജമാണെന്നും എൻ.സി.ബി ആസൂത്രണം ചെയ്തതാണെന്നുമുള്ള മഹാരാഷ്ട്ര സർക്കാറിന്‍റെ വാദത്തിന് ശക്തിപകരുന്നതാണ് കൂടുതൽ പ്രമുഖരെയും മക്കളേയും പാർട്ടിയിലേക്ക് ക്ഷണിച്ചുവെന്ന വിവരം.
മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സർക്കാറിനെ ഏതുവിധേനയും താറടിച്ചുകാട്ടാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി നവാബ് മാലിക്ക് ആരോപിക്കുന്നു. രണ്ട് വർഷം മുമ്പ് സർക്കാർ രൂപവത്കരിച്ചതുമുതൽ ഈ ശ്രമം നടക്കുന്നുണ്ട്. കപ്പലിലെ പാർട്ടിയിൽ ലഹരിമരുന്ന് പിടികൂടിയതിന് വൻ പ്രാധാന്യം നൽകുമ്പോൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയത് ആരും ചർച്ചചെയ്യാതെ പോകുകയാണെന്നും നവാബ് മാലിക് പറഞ്ഞു.
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീർ വാങ്കഡെയുടെ പിതാവ്. എസ്.സി/എസ്.ടി നിയമപ്രകാരവും ക്രിമിനൽ വകുപ്പുകൾ പ്രകാരവുമാണ് പരാതി നൽകിയിരിക്കുന്നത്.
മുംബൈ ഓഷിവാര ഡിവിഷനിലെ അസിസ്റ്റൻറ് കമീഷണർക്കാണ് ധ്യാൻദേവ് കച്രുജി വാങ്കഡെ പരാതി നൽകിയത്. മുംബൈ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ.
തന്‍റെ കുടുംബത്തിനും സമുദായത്തിനുമെതിരെ അപകീർത്തികരമായതും തെറ്റായതും ദുഷ്പേരുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. താൻ മഹർ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണെന്നും ഇത് എസ്.സി വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നും സർക്കാർ അധികൃതർ നൽകിയ ജാതി സർട്ടിഫിക്കറ്റ് ഇതിന് തെളിവാണെന്നും ധ്യാൻദേവിന്‍റെ പരാതിയിൽ പറയുന്നു.
മാലിക്കിന്‍റെ മരുമകൻ സമീർ ഖാൻ മയക്കുമരുന്ന് കേസിൽ എട്ടുമാസം ജയിലിൽ കഴിഞ്ഞതിന്‍റെ പ്രതികാരം തീർക്കുന്നതിനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
വിശ്വസനീയമായ തെളിവുകളോ രേഖകളോ ഇല്ലാതെ തന്‍റെ കുടുംബത്തിന്‍റെ ജാതിയെക്കുറിച്ച് നവാബ് മാലിക് മനപൂർവം പ്രസ്താവനകൾ ഇറക്കുകയായിരുന്നു. മാലിക് നടത്തിയ ആരോപണങ്ങളുടെ വിഡിയോകളും വാർത്തകളും തൻെറ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ ഹാജരാക്കാമെന്നും പരാതിയിൽ പറയുന്നു.
നവാബ് മാലിക് തന്‍റെ മകൾ യാസ്മീനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുകയും അവളുടെ സമ്മതം കൂടായെ നിയമവിരുദ്ധമായി സ്വകാര്യ ഫോട്ടോകൾ എടുക്കുകയും പ്രിന്‍റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയെന്നും ധ്യാൻദേവ് ആരോപിച്ചു. സമീർ ഖാനെതിരായ എൻ.സി.ബിയുടെ അന്വേഷണം തടസപ്പെടുത്താൻ തന്‍റെ കുടുംബത്തിന് േനരെ ഭീഷണി ഉപയോഗിക്കുകയാണെന്നും ധ്യാൻദേവിന്‍റെ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.