ന്യൂഡൽഹി: റെയിൽവേ ട്രാക്കിൽ വീണുകിടക്കുന്ന ആറുവയസുകാരനെ കുതിച്ചു പാഞ്ഞുവരുന്ന ട്രെയിനിന് മുമ്പിൽനിന്ന് ദൈവദൂതനെപ്പോലെ ഓടിയെത്തി രക്ഷെപ്പടുത്തുന്ന റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെയുടെ യഥാർഥ സി.സി.ടി.വി ദൃശ്യങ്ങൾ എവിടെ? സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിക്കാതെ, സി.സി.ടി.വി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതുമാത്രം പ്രചരിക്കാൻ കാരണമെന്താണെന്നാണ് ഉയരുന്ന ചോദ്യം.
വാംഗനി റെയിൽവേ സ്റ്റേഷൻ അധികൃതർ മയൂർ ഷെൽക്കെയുടെ സൽപ്രവർത്തിയെ അടിച്ചമർത്താൻ ശ്രമിച്ചുവെന്ന സംശയങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മറ്റെല്ലാ നല്ല പ്രവൃത്തികളെയും പോലെ സംഭവം ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും മയൂർ ഷെൽക്കെയും സഹപ്രവർത്തകരും വാംഗനി സ്റ്റേഷൻ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, മേലുദ്യോഗസ്ഥരെ അറിയിക്കാൻ മാത്രമല്ല, സി.സി.ടി.വി ദൃശ്യങ്ങൾ നൽകാനും തയാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഏപ്രിൽ 17 വൈകുന്നേരമാണ് സംഭവം. റെയിൽവേ പോയിന്റ്മാനായ ഷെൽക്കെ ആറുവയസുകാരനെ കുതിച്ചുവരുന്ന ട്രെയിനിന് മുമ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. 13 സെക്കന്‍റുകൾ കൊണ്ടായിരുന്നു രക്ഷാപ്രവർത്തനം.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, മറ്റു ദൃശ്യങ്ങൾ പോലെ റെയിൽവേ ഔദ്യോഗികമായല്ല ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് വിവരം. സ്റ്റേഷൻ അധികൃതർ ദൃശ്യങ്ങൾ നൽകാൻ വിസമ്മതിച്ചതോടെ ഷെൽക്കെയും സഹപ്രവർത്തകരും സി.സി.ടി.വി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചുനൽകുകയായിരുന്നു. സുഹൃത്തുക്കൾ ചിലർ ഫേസ്ബുക്കിലും ട്വിറ്ററിലും ദൃശ്യങ്ങൾ പങ്കുവെച്ചു. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലാകുകയും ചെയ്തു.
ഷെൽക്കെയുടെ വിഡിയോക്ക് പ്രമുഖർ അഭിനന്ദനവുമായി എത്തിയതിന് ശേഷമാണ് റെയിൽവേ അധികൃതർ പ്രതികരണവുമായെത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
വാംഗനി സ്റ്റേഷൻ അധികൃതരുടെ നിസഹകരണത്തിനെതിരെ അന്വേഷണം വേണമെന്ന് ട്രേഡ് യൂനിയനുകൾ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കൾ പങ്കുവെച്ചില്ലായിരുന്നെങ്കിൽ ലോകം മുഴുവൻ അഭിനന്ദനവുമായെത്തിയ സംഭവം കുറച്ചുപേരിലേക്ക് ചുരുങ്ങുമായിരുന്നുവെന്നും ട്രേഡ് യൂനിയനുകൾ കുറ്റെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.