ബംഗളൂരു: ചാമരാജനഗർ, മൈസൂരു ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ബന്ദിപ്പൂർ കടുവസങ്കേതത്തിലെ ജലാശയങ്ങൾ വറ്റിത്തുടങ്ങി. ചെറുതടാകങ്ങൾ, കുളങ്ങൾ തുടങ്ങിയ സ്രോതസ്സുകളിൽ ജലനിരപ്പ് അനുദിനം താഴുന്നു.
മഴ കുറഞ്ഞതാണ് കാരണം. വനമേഖലയിൽ സ്ഥിതിചെയ്യുന്ന മംഗള അണക്കെട്ട് അക്ഷയഖനിയായി അരികിലുണ്ടെങ്കിലും പ്രധാനമായും ആനകളുടെ മേഖലയാണത്.
മറ്റു മൃഗങ്ങൾക്ക് തണ്ണീർപ്പന്തലുകൾ ഒരുക്കാനായി സൗരോർജ പമ്പുകൾ ഉപയോഗിച്ച് വെള്ളം ശേഖരിക്കുന്ന കുഴൽക്കിണറുകൾ ആശ്രയിക്കാൻ ഒരുങ്ങുകയാണ് കടുവസങ്കേതം അധികൃതർ. മതിയായ തോതിൽ മഴ പെയ്തതിനാൽ ഉപേക്ഷിച്ച കുഴൽക്കിണറുകൾ നശിക്കുകയോ നാശവക്കിലെത്തുകയോ ചെയ്ത അവസ്ഥയിലാണ്.
57 കുഴൽക്കിണറുകളാണ് പുനർജനിക്കുന്നത്. 872.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സങ്കേതപരിധിയിൽ 418 ജലസ്രോതസ്സുകൾ ഉണ്ടെങ്കിലും മിക്കതും വർഷകാലം നിറയുകയും വേനലെത്തുന്നതോടെ ജലനിരപ്പ് ക്രമത്തിൽ കുറയുന്നവയുമാണ്.
മേഖലയിൽ അന്തരീക്ഷ താപനില 30 ഡിഗ്രിയിൽ താഴാതെ മുന്നോട്ടുപോകുന്നത് തനത് സ്രോതസ്സുകളിലെ ജലനിരപ്പ് കുറയാൻ കാരണമാവുന്നതായി കടുവസങ്കേതം അധികൃതർ പറഞ്ഞു. കൂട്ടിച്ചേർത്ത പ്രദേശങ്ങൾ ഉൾപ്പെടെ 1036 ചതുരശ്ര കിലോമീറ്ററുള്ള സങ്കേതത്തെ 13 റേഞ്ചുകളായി തിരിച്ചിട്ടുണ്ട്. പുനരുജ്ജീവിപ്പിക്കുന്ന കുഴൽക്കിണറുകൾ വഴി സംഭരിക്കുന്ന വെള്ളം റേഞ്ചുകൾ തിരിച്ച് വീതിച്ചാണ് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.