'ഖനനവും അനധികൃത കുടിയേറ്റവുമാണ് മുണ്ടക്കൈ ദുരന്തത്തിന് കാരണം'; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്. ദുരന്തത്തിനു കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്രം നിയോഗിച്ച കമ്മിറ്റിയെ അവഗണിക്കരുത്. സംസ്ഥാനം നിർദേശങ്ങൾ സമർപ്പിക്കണമെന്നും ഭൂപേന്ദ്രയാദവ് പറഞ്ഞു.

അനധികൃത മനുഷ്യവാസത്തിന് പ്രാദേശിക രാഷ്‌ട്രീയക്കാര്‍ നിയമ വിരുദ്ധമായ സംരക്ഷണം നല്‍കുകയാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസത്തിന്‍റെ പേരിൽ അവർ ശരിയായ സോണുകൾ പോലും ഉണ്ടാക്കിയിട്ടില്ല. അവർ ഈ പ്രദേശത്ത് കയ്യേറ്റത്തിന് അനുമതി നല്‍കി. വളരെ ദുർബലമായ പ്രദേശമാണിത്.

വനംവകുപ്പ് മുൻ ഡയറക്‌ടർ ജനറൽ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിൽ കേന്ദ്രം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവർ കേരള സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഇത് സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്ന് വന്ന വീഴ്‌ച ആണെന്നാണ് ഞങ്ങൾ മനസിലാക്കുന്നത് -മന്ത്രി പറഞ്ഞു.

നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റാതിരുന്നതെന്നായിരുന്നു ലോക്സഭയിൽ ഷായുടെ ചോദ്യം.

സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അപകടസാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് അമിത് ഷാ പറഞ്ഞു. ഒന്നിലധികം തവണയാണ് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. നടപടി എടുത്തിരുന്നെങ്കില്‍ ഈ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അമിത് ഷാ പറഞ്ഞിരുന്നു.

എന്നാൽ, ദുരന്തമുണ്ടായ മേഖല ഒരിക്കൽ പോലും റെഡ്‌ അലർട്ട്‌ മുന്നറിയിപ്പ്‌ പരിധിയിൽ വന്നിരുന്നില്ലെന്ന്‌ കേരളത്തിൽ നിന്നുള്ള എം.പിമാർ ചൂണ്ടിക്കാട്ടിയിരുന്നു. 115 മുതൽ 204 എംഎം വരെ മഴയുണ്ടാകാമെന്ന ഓറഞ്ച്‌ അലർട്ട്‌ മാത്രമാണുണ്ടായത്‌. റെഡ്‌ അലർട്ട്‌ നൽകിയത്‌ ദുരന്തമുണ്ടായശേഷം മാത്രം. ജൂലൈ 23 മുതൽ 28 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പോലും പുറപ്പെടുവിച്ചിരുന്നില്ല. ജൂലൈ 29 പകൽ ഒന്നിനാണ്‌ ഓറഞ്ച്‌ അലർട്ട്‌ നൽകിയത്‌. ജൂലൈ 30 ന്‌ രാവിലെ ആറിനാണ്‌ റെഡ്‌ അലർട്ട്‌ നൽകുന്നത്‌. അപ്പോഴേക്കും ദുരന്തം സംഭവിച്ചിരുന്നു. കേരളത്തിന്‌ മുന്നറിയിപ്പ്‌ നൽകിയെന്ന പ്രസ്‌താവനയിലൂടെ അമിത്‌ ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ കാട്ടി രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖറിന്‌ എം.പിമാർ കത്തുനൽകിയിരുന്നു. 

Tags:    
News Summary - Wayanad Landslides: Centre Blames Kerala Govt For Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.