മുംബൈ: ബംഗളൂരുവിൽ നടന്ന രണ്ടു ദിവസത്തെ വിശാല പ്രതിപക്ഷ യോഗത്തിലേക്ക് ക്ഷണിക്കാത്തതിനെ വിമർശിച്ച് ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം). ‘സോ കോൾഡ്‘ മതേതര പാർട്ടികൾ തങ്ങളെ രാഷ്ട്രീയ അസ്പൃശ്യരായാണ് കണുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവും ദേശീയ വക്താവുമായ വാരിസ് പത്താൻ വിമർശിച്ചു.
അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയെ എങ്ങനെ അവഗണിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ‘സോ കോൾഡ് മതേതര പാർട്ടികൾ ഞങ്ങളെ വിളിച്ചില്ല, അവർക്ക് ഞങ്ങൾ രാഷ്ട്രീയ അസ്പൃശ്യരാണ്. ഒരിക്കൽ ബി.ജെ.പിയോടൊപ്പം സഹകരിച്ചിരുന്ന നിതീഷ് കുമാർ, ഉദ്ധവ് താക്കറെ, മെഹബുബ മുഫ്തി ഉൾപ്പെടെയുള്ള നേതാക്കൾ അവിടെയുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അരവിന്ദ് കെജ്രിവാൾ അധിക്ഷേപിക്കുന്നത് നമ്മൾ കണ്ടു, പക്ഷേ അദ്ദേഹവും ബംഗളൂരു യോഗത്തിൽ പങ്കെടുത്തു. ഞങ്ങളും (എ.ഐ.എം.ഐ.എം) 2024ൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം അസദുദ്ദീൻ ഉവൈസിയെയും പാർട്ടിയെയും അവഗണിക്കുകയാണ്’ -വാരിസ് പത്താൻ പറഞ്ഞു.
ബംഗളൂരുവിൽ നടന്ന രണ്ടു ദിവസത്തെ യോഗത്തിൽ 26 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുത്തത്. ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിടുകയും ചെയ്തിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെ പുറത്താക്കാൻ പ്രതിപക്ഷം ഒന്നിച്ചുനിൽക്കണമെന്ന താൽപര്യമാണ് തങ്ങളെ നയിക്കുന്നതെന്ന് യോഗത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.