ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. "'എ'യിൽ തുടങ്ങി 'ഐ'ൽ പേര് അവസാനിക്കുന്ന വ്യക്തി ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പേരിൽ എല്ലാവരെയും വഞ്ചിച്ചു. അത് അദ്വാനി അല്ല" -അദാനിയുടെ പേരെടുത്ത് പറയാതെ മൊയ്ത്ര പറഞ്ഞു. ലോക്സഭയിലെ നന്ദി പ്രമേയ ചർച്ചയിലായിരുന്നു അവരുടെ പ്രതികരണം.
അധിക്ഷേപിക്കുന്ന വാക്കുകളാണ് മൊയ്ത്ര പ്രസംഗത്തിൽ ഉപയോഗിച്ചതെന്നും അത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പ്രസംഗത്തിന് പിന്നാലെ ബി.ജെ.പി ആവശ്യപ്പെട്ടു. ഇത് തൃണമൂൽ, ബി.ജെ.പി അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.
മൊയ്ത്ര ധാർമ്മികതയുടെ പുറത്ത് മാപ്പ് പറയണമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അവരുടെ സംസ്കാരമാണ് പ്രതിഫലിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രസംഗത്തിൽ മൊയ്ത്ര ആവശ്യപ്പെട്ടു.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രി, 'എ' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന വ്യക്തി നിങ്ങളെ വഞ്ചിച്ചിരിക്കുന്നു. അദ്ദേഹം നിങ്ങളോടൊപ്പവും നിങ്ങളുടെ പ്രതിനിധി സംഘത്തോടൊപ്പവും യാത്ര ചെയ്യുന്നു. ഇന്ത്യയിലെത്തുന്ന രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തുന്നു. ഇതിലൂടെ പ്രധാനമന്ത്രിയുടെ പിന്നിലെ റിമോട്ട് കൺട്രോൾ താനാണെന്ന് ലോകത്തിന് മുന്നിൽ അദ്ദേഹം കാണിച്ച് കൊടുത്തു" -മഹുവ മൊയ്ത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.