ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ വാക്സിൻ വിലയാണ് രാജ്യത്ത് ആവശ്യമെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി ഡോ. രഘു ശർമ. രാജ്യത്ത് വിതരണം നടത്തുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ വില നിർണയത്തിനെതിരെയായിരുന്നു പരാമർശം.
സർക്കാറുകൾക്ക് മേയ് 15ന് മുമ്പ് വാക്സിൻ വിതരണം ചെയ്യില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങളെ അറിയിച്ചു. കേന്ദ്രം പ്രഖ്യാപിച്ച മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിൻ യജ്ഞം എങ്ങനെ തുടങ്ങാനാകുമെന്നും രാജസ്ഥാൻ ആരോഗ്യമന്ത്രി ചോദിച്ചു.
മേയ് ഒന്നുമുതൽ രാജ്യത്ത് 18വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം ആരംഭിക്കും. അതിനുമുന്നോടിയായി വാക്സിനുകളുടെ വില പുതുക്കി നിശ്ചയിച്ചിരുന്നു.
കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സംസ്ഥാനങ്ങൾക്ക് ഒരു ഡോസ് 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപക്കും ആണ് വിൽക്കുകയെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കും വിൽക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കോവിഷീൽഡിന്‍റെ വില തന്നെ കൂടുതലാണെന്ന ആക്ഷേപം നിലനിൽക്കുേമ്പാഴാണ് അതിനേക്കാൾ ഇരട്ടി വിലയുമായി ഭാരത് ബയോടെക് രംഗത്തെത്തിയിരിക്കുന്നത്. വാക്സിനുകൾ ജനങ്ങൾക്ക് സൗജന്യമായോ മിതമായ വിലക്കോ നൽകണമെന്നാണ് ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.