അംബാല: കർഷക സമരം തീർക്കാൻ പ്രധാനമന്ത്രി ചർച്ച നടത്തണമെന്നാണ് ആവശ്യമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദേർ. നരേന്ദ്ര മോദി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തങ്ങൾ നേരത്തെയും പറഞ്ഞിട്ടുണ്ട്. ഇത് മുന്നോട്ടു പോക്കുമായി ബന്ധപ്പെട്ട പ്രശ്നമല്ല. കേന്ദ്രമന്ത്രിമാരുമായി ഇന്ന് ചർച്ചയുണ്ട്. ഇതിൽ പ്രധാനമന്ത്രി തന്നെ പങ്കെടുത്ത് ആവശ്യങ്ങളിൽ നീക്കുപോക്കുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർവാൻ സിങ് പന്ദേർ പറഞ്ഞു.
രണ്ടാമതായി ഇതൊരു ജനാധിപത്യ രാജ്യമാണ്. ഡൽഹിയിലേക്ക് സമാധാനപരമായി പോകാൻ ഞങ്ങളെ അനുവദിക്കണം. കേന്ദ്രസർക്കാർ തന്നെ അടച്ച വഴികൾ തുറന്ന് നൽകണമെന്നും കർഷകസമര നേതാവ് ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്ന രീതിയേയും അദ്ദേഹം വിമർശിച്ചു. സമരത്തിനിടെ ഓരോ മിനിറ്റിലും കർഷകർക്ക് പരിക്കേൽക്കുകയാണ്. മണിക്കൂറിൽ 60 ബാൻഡേജുകൾ വരെ ഉപയോഗിക്കേണ്ടി വരുന്നുവെന്നാണ് ഞങ്ങളുടെ മെഡിക്കൽ സംഘം പറഞ്ഞത്. പൊലീസിനെയല്ല അർധ സൈനിക വിഭാഗത്തെയാണ് കർഷകരെ തടയാൻ വേണ്ടി രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് രാജ്യത്തെ ഒരു സർക്കാർ അർധ സൈനിക വിഭാഗങ്ങളെ കർഷകർക്കെതിരെ ഉപയോഗിക്കുന്നത്. കേന്ദ്രസർക്കാർ കർഷകർക്കെതിരെയും തൊഴിലാളികൾക്കെതിരെയും അധികാര ദുർവിനിയോഗം നടത്തുകയാണെന്നും സർവാൻ സിങ് പന്ദേർ പറഞ്ഞു.
കർഷക പ്രതിഷേധത്തെ പൂർണമായും അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അത് ഒരിക്കലും സംഭവിക്കാൻ പാടില്ല. ഈ രാജ്യത്തെ സൃഷ്ടിച്ചതിൽ ഞങ്ങൾക്കും പങ്കുണ്ട്. ഇത് ഞങ്ങളുടെ കൂടി സർക്കാറാണ്. ഞങ്ങളുടെ ശബ്ദം കൂടി കേൾക്കാൻ അവർ തയാറാകണം. ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.