ടവറുകൾ പൊളിച്ച നിമിഷത്തിൽ പൊട്ടിക്കരഞ്ഞുപോയി; വൈകാരിക നിമിഷം വെളിപ്പെടുത്തി എഞ്ചിനീയർ

ഉത്തർപ്രദേശിലെ നോയിഡയിൽ ഇരട്ട ടവർ സ്ഫോടനത്തിലൂടെ തകർത്തു നീക്കിയ പ്രവർത്തിക്ക് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ കൗതുകമാകുന്നു. 3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഭീമൻ ടവറുകൾ പൊളിക്കാനുള്ള യത്നത്തിൽ ബട്ടൺ അമർത്തിയത് എഡിഫൈസ് എഞ്ചിനീയറിങ് ഉദ്യോഗസ്ഥൻ ചേതൻ ദത്തയാണ്. പൊളിക്കൽ വിജയകരമായി പര്യവസാനിച്ചതോടെ താനും മറ്റ് നാല് ഉദ്യോഗസ്ഥരും ആശ്വാസവും സന്തോഷവും കൊണ്ട് കരയാൻ തുടങ്ങിയെന്നാണ് ദത്ത പറയുന്നത്.

'പൊളിക്കൽ 100 ശതമാനം വിജയമായിരുന്നു. മുഴുവൻ കെട്ടിടവും പൊളിക്കാൻ 9-10 സെക്കൻഡ് എടുത്തു. എന്റെ ടീമിൽ 10 പേരും 7 വിദേശ വിദഗ്ധരും എഡിഫിസ് എഞ്ചിനീയറിംഗിൽ നിന്നുള്ള 20-25 പേരും ഉണ്ടായിരുന്നു'-ദത്തയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പൊളിക്കുന്നതിനുള്ള മുന്നറിയിപ്പ് സൈറൺ മുഴക്കിയതിന് ശേഷം താനും തന്റെ ടീം അംഗങ്ങളും പരസ്പരം ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും ദത്ത പറഞ്ഞു.

'ബട്ടൺ അമർത്തിയ ഉടൻ താഴേക്ക് വരുന്ന ഇരട്ട ഗോപുരങ്ങൾ നോക്കാൻ ഞാൻ തല ഉയർത്തി. എല്ലാം നിലംപൊത്തിയപ്പോൾ, പൊടിപടലങ്ങളും പുകയും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് എമറാൾഡ് കോർട്ടിന്റെയും എ.ടി.എസ് വില്ലേജിന്റെയും സമീപത്തെ ഹൗസിങ് സൊസൈറ്റികൾ പരിശോധിക്കാൻ ഞങ്ങൾ പൊളിക്കുന്ന സ്ഥലത്തേക്ക് കുതിച്ചു'-അദ്ദേഹം കൂട്ടിച്ചേർത്തു.

പൊളിക്കൽ പദ്ധതി മുൻകൂട്ടി തീരുമാനിച്ചത് അനുസരിച്ചാണ് നടന്നതെന്നും അതിനെ '100 ശതമാനം വിജയകരം' എന്ന് വിളിക്കാമെന്നും ദത്ത പറഞ്ഞു. 'എല്ലാം സുരക്ഷിതമാണ്, ഞങ്ങളുടെ പ്ലാൻ അനുസരിച്ച് നടന്നു'-ദത്ത പറഞ്ഞു.

ഇന്ത്യയിൽ പൊളിച്ചുനീക്കിയ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് നോയിഡയിലെ ഇരട്ട ടവറുകൾ. 9 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ടവറുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. വന്‍സുരക്ഷാ സന്നാഹങ്ങളാണ് പൊളിക്കൽ പ്രക്രിയക്കായി ഒരുക്കിയിരുന്നത്. 560 പൊലീസ് ഉദ്യോഗസ്ഥരെയും എൻഡിആർഎഫ് ടീമിനെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

കുത്തബ് മിനാറിനേക്കാൾ ഉയരത്തിൽ പണിത രണ്ട് കെട്ടിടങ്ങളാണ് ഒമ്പത് സെക്കന്റുകൾക്കുള്ളിൽ അവശിഷ്ടങ്ങളായത്. 3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് വൻ സ്‌ഫോടനം നടത്തിയത്. പ്രദേശം പൊടിപടലങ്ങളിൽ മുങ്ങി. വാണിങ് സൈറൺ മുഴങ്ങി സെക്കന്റുകൾക്കുള്ളിൽ കെട്ടിടം നാമാവശേഷമായി. രാജ്യത്ത് നിയന്ത്രി സ്​ഫോടനങ്ങളിലൂടെ പൊളിക്കുന്ന ഏറ്റവും വലിയ കെട്ടിടങ്ങളാണിത്. കെട്ടിടം പൊളിക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ ദൂരെക്ക് തെറിച്ച് അപകടങ്ങളുണ്ടാകാതിരിക്കാൻ പ്രദേശത്ത് ഇരുമ്പ് മറകളും തുണി മറകളും സൃഷ്ടിച്ചിരുന്നു. കിലോമീറ്ററുകളോളം പൊടിപടലങ്ങളാൽ മൂടിയിരിക്കുകയാണ്.

നോയിഡ സെക്ടർ 93Aയിലാണ് സൂപ്പർ ടെക്ക് ഇരട്ട ടവർ പണിതത്. കെട്ടിടം നിയമാനുസൃതം പണിതതല്ലെന്നും പൊളിച്ചുമാറ്റണമെന്നും കഴിഞ്ഞ വർഷം സുപ്രീംകോടതി വിധിച്ചതോടെയാണ് കെട്ടിടം തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എഡിഫിക് എഞ്ചിനീയറിങ് എന്ന കമ്പനിയെയാണ് കെട്ടിടം പൊളിക്കാൻ ഏൽപ്പിച്ചത്.

കെട്ടിടം പൊളിക്കുന്ന പ്രവൃത്തിക്ക് 100 കോടി ഇൻഷുൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങൾ പരിക്കുണ്ടായാൽ ഇൻഷുറൻസ് ലഭിക്കും. അതേസമയം, 20 കോടിയാണ് കെട്ടിടം പൊളിക്കുന്നതിനുള്ള ചെലവ്. 50 കോടിയുടെ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് കണക്ക്.

Tags:    
News Summary - 'We were crying...': Man who pressed button that brought down twin towers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.