ന്യൂഡൽഹി: പടക്കോപ്പുകളുടെ തന്ത്രപ്രധാന ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കം വേഗത്തിലാക്കുന്നു. അവശ്യസമയത്ത് ഇവ ലഭ്യമാകാത്തത് സൈന്യത്തിെൻറ പോരാട്ടസജ്ജതയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യുദ്ധടാങ്കുകളുടെയും മറ്റു സൈനിക സംവിധാനങ്ങളുടെയും ഘടകങ്ങൾ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭ്യമാക്കുന്നത്.
അടുത്ത മൂന്നു വർഷംകൊണ്ട് ഇറക്കുമതി 30 ശതമാനമായി കുറക്കുമെന്ന് രാജ്യത്തെ 41 ആയുധ നിർമാണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഒാർഡനൻസ് ഫാക്ടറി ബോർഡ് അറിയിച്ചു. അതിർത്തി താവളങ്ങളിലുൾപ്പെടെ ആയുധമെത്തിക്കുന്ന ചുമതലയുള്ള മാസ്റ്റർ ജനറൽ ഒാഫ് ഒാർഡനൻസും മുൻനിര സ്വദേശി ആയുധ നിർമാണ സ്ഥാപനങ്ങളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രതിവർഷം 10,000 കോടി രൂപക്കാണ് പടക്കോപ്പുകളുടെ ഘടകങ്ങൾ വാങ്ങുന്നത്. നിലവിൽ റഷ്യയിൽനിന്നാണ് പ്രധാന ഇറക്കുമതി. ഇതാകെട്ട, അനിശ്ചിതമായി വൈകുന്നത് സൈന്യത്തിന് പ്രയാസം സൃഷ്ടിക്കുന്നു.
ഹ്രസ്വകാല യുദ്ധങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങാനും യുദ്ധസജ്ജത നിലനിർത്താൻ നടപടി സ്വീകരിക്കാനും ആർമി വൈസ് ചീഫിന് ഇൗ മാസാദ്യം സർക്കാർ അധികാരം നൽകിയിരുന്നു. വേണ്ടത്ര ആയുധങ്ങൾ സജ്ജമാക്കി വെക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ സൈന്യത്തിന് സാമ്പത്തികാധികാരം നൽകിയത്. ആയുധങ്ങൾ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കാൻ, സുരക്ഷ ഭീഷണി ചൂണ്ടിക്കാട്ടി സൈന്യം സമ്മർദം ചെലുത്തുന്നുമുണ്ട്.
രാജ്യം നേരിടുന്ന ആഭ്യന്തര, വിദേശ ഭീഷണികൾ ഇക്കഴിഞ്ഞ ഏപ്രിലിൽ ഉന്നത സൈനിക നേതൃത്വം അവലോകനം ചെയ്തിരുന്നു. യുദ്ധസാഹചര്യമുണ്ടായാൽ പിടിച്ചുനിൽക്കാൻ ഇന്ത്യന്‍ സേനയുടെ പക്കല്‍ ആയുധങ്ങള്‍ പോരെന്ന് കഴിഞ്ഞ ദിവസം പാർലമെൻറിൽവെച്ച സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധസജ്ജമാകാന്‍ 152 ഇനം ആയുധങ്ങള്‍ അത്യാവശ്യമാണെന്നും ഇതില്‍ 55 ഇനം മാത്രമേയുള്ളൂവെന്നും പറഞ്ഞ റിപ്പോർട്ട്, ഇതുമായി വെറും 15 ദിവസമേ യുദ്ധമുഖത്ത് പിടിച്ചുനില്‍ക്കാനാവൂ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.