ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചമർത്താനായിരുന്നു തുടക്കം മുതലേ കേന്ദ്രത്തിന്‍റെ ശ്രമം. കർഷകരുമായി കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് കാർഷിക നിയമങ്ങൾ തയാറാക്കിയതെന്നും നടപ്പാക്കിയതെന്നുമായിരുന്നു അതിനായി ഉപയോഗിച്ച പ്രധാന വാദം. എന്നാൽ, കാർഷിക നിയമം നടപ്പാക്കുന്നതുമായി ബന്ധെപ്പട്ട് കേന്ദ്രവും കർഷകരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകൾ സംബന്ധിച്ച യാതൊരു രേഖകളുമില്ലെന്നാണ് ഇപ്പോൾ കേന്ദ്രം തന്നെ വ്യക്തമാക്കുന്നത്.
കേന്ദ്രം കർഷകരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ യാതൊരു റിപ്പോർട്ടുകളും സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു. എൻ.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച് വിവരാവകാശ അപേക്ഷ നൽകിയത്. കർഷകരുമായി നടത്തിയ ചർച്ചകൾ, സമയം, ചർച്ചയിൽ പെങ്കടുത്ത കർഷകരുടെയും സംഘടനകളുടെയും വിവരങ്ങൾ തുടങ്ങിയവയാണ് വിവരാവകാശ രേഖയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഇതുസംബന്ധിച്ച് യാതൊരു രേഖകളും സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
കേന്ദ്രം കർഷകരുമായി കൂടിയാലോചന നടത്താതെയാണ് കർഷകരെ ബാധിക്കുന്ന കാർഷിക നിയമങ്ങൾ നടപ്പാക്കിയതെന്ന വിമർശനം തുടക്കംമുതലേ ഉയർന്നുവന്നിരുന്നു. എന്നാൽ, നിരവധി തവണ കർഷകരുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.
തിങ്കളാഴ്ച കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും ഈ വാദവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഈ നിയമങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലം നീണ്ട ചർച്ചകൾ നടന്നിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെത്തി ധാരാളം സമിതികളുടെ നേതൃത്വത്തിൽ കൂടിയാലോചന നടത്തുകയും ചെയ്തിരുന്നതായി തോമർ പറഞ്ഞു.
രാജ്യത്ത് കാർഷിക നിയമവുമായി ബന്ധപ്പെട്ട് 1.37 ലക്ഷം വെബിനാറും പരിശീലനവും നടന്നുവെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്‍റെ വാദം. ജൂൺ മുതൽ നടത്തിവന്ന ഇത്തരം പരിപാടികളിൽ 94.42 ലക്ഷം കർഷകർ പങ്കെടുത്തതായും കേന്ദ്ര നിയമമന്ത്രി പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രസർക്കാർ പ്രതിനിധികളും ബി.ജെ.പിയും ഉയർത്തുന്ന വാദങ്ങൾ തെറ്റാണെന്ന് കാണിക്കുന്നതാണ് കേന്ദ്രത്തിൽനിന്ന് ലഭിച്ച വിവരാവകാശ രേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.