അഹമ്മദാബാദ്: രാഹുൽ ഗാന്ധിയുടെ നിരവധി വ്യാജ വിഡിയോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കോൺഗ്രസ്. ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മനസിൽ ഭയം കുത്തിവെക്കുകയായിരുന്നെന്നും ബി.ജെ.പി പൊതുതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗുജറാത്ത് എന്നും മുൻപന്തിയിലായിരുന്നു. ഈഗോയെ എങ്ങനെ തകർക്കണമെന്ന് ഗുജറാത്തിന് അറിയാം. കഴിഞ്ഞ പത്ത് വർഷത്തെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം ബി.ജെ.പി നേതാക്കൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. റിപോർട്ട് കാർഡില്ല. കാരണം ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല" -ഖേര പറഞ്ഞു.
എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ വെട്ടിക്കുറക്കുന്നതായി അമിത് ഷാ പ്രഖ്യാപിക്കുന്ന വ്യാജ വിഡിയോ ഷെയർ ചെയ്തതിന് കോൺഗ്രസ് നേതാവ് സതീഷ് വൻസോളയെയും ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകൻ രാകേഷ് ബാരിയയെയും കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തി അമിത് ഷായും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.