80,000 പോലീസുകാർ എന്തുചെയ്യുന്നു? ഒരാളെ പിടിക്കാൻ കഴിയുന്നില്ലേ? -അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈകോടതി

ചണ്ഡീഗഡ്: ഖലിസ്ഥാൻ നേതാവ് അ​മൃ​ത്പാ​ൽ സി​ങ് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെട്ട സംഭവത്തിൽ സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പഞ്ചാബ്-ഹരിയാന ഹൈ​കോ​ട​തി. അ​തി​സൂ​ക്ഷ്മ​മാ​യി ഓ​പ​റേ​ഷ​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടും അ​മൃ​ത്പാ​ൽ സി​ങ് ക​ട​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ജ​സ്റ്റി​സ് എ​ൻ.​എ​സ് ശെ​ഖാ​വ​ത്ത് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ വി​നോ​ദ് ഖാ​യി​യോ​ട് ചോ​ദി​ച്ചു.

"നിങ്ങൾക്ക് 80,000 പോലീസുകാരുണ്ട്. അവർ എന്തു ചെയ്യുകയായിരുന്നു? അമൃത്പാൽ സിംഗ് എങ്ങനെ രക്ഷപ്പെട്ടു? ഇത്രയും പൊലീസു​കാർ ഉണ്ടായിട്ടും ഒരാളെ പിടിക്കാൻ കഴിയുന്നില്ലേ" പഞ്ചാബ് സർക്കാരിനോട് ഹൈകോടതി ചോദിച്ചു. ഇത് സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അമൃത്പാലിനും അദ്ദേഹത്തിന്റെ സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' അംഗങ്ങൾക്കും എതിരായ പഞ്ചാബ് പൊലീസ് നടപടി എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം.


എന്നാൽ, അമൃത്പാൽ സിങ്ങിനെതിരെ ശക്തമായ നടപടി ആരംഭിച്ചതായും 120 അനുയായികളെ അറസ്റ്റ് ചെയ്തതായും പഞ്ചാബ് പൊലീസ് കോടതിയെ അറിയിച്ചു. ഖാലിസ്ഥാനി വിഘടനവാദിയായ ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്ന അമൃത്പാൽ "ഭിന്ദ്രൻവാലെ 2.0" എന്നാണ് അനുയായികൾക്കിടയിൽ അറിയപ്പെടുന്നത്.

അതേസമയം, സംസ്ഥാനത്ത് സമാധാനവും ഐക്യവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. "രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു ശക്തിയെയും ഞങ്ങൾ വെറുതെവിടില്ല. ഈ സംസ്ഥാനത്തെ ജനങ്ങൾ സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്നു" -അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാൻ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം ഒരു അക്രമസംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മാൻ കൂട്ടിച്ചേർത്തു.

പഞ്ചാബ് പൊലീസിന്റെ കണ്ണ്‌ വെട്ടിച്ച്‌ ശനിയാഴ്ച രാവിലെ പതിനൊന്നരയ്‌ക്ക്‌ ജലന്ധറിലെ ടോള്‍ ബൂത്ത്‌ വഴി മേഴ്സിഡസ് ബെൻസ്‌ കാറില്‍ അമൃത്പാൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. കാറിലും ബൈക്കിലുമായാണ്‌ രക്ഷപ്പെട്ടത്‌.

അതിനിടെ സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചു. തരൺ തരൺ, ഫിറോസ്പൂർ, മോഗ, സംഗ്രൂർ ജില്ലകളിലും അമൃത്‌സറിലെ ഐനാല സബ് ഡിവിഷനിലുമാണ് നിലവിൽ നിരോധനം നിലനിൽക്കുന്നത്. ഈ സ്ഥലങ്ങളിൽ വ്യാഴാഴ്ച വരെ എല്ലാ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ്, ഡോംഗിൾ സേവനങ്ങൾക്കുമുള്ള നിരോധനം തുടരും. 

Tags:    
News Summary - "What Were 80,000 Cops Doing?": Court Slams Punjab Over Amritpal Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.