ന്യൂഡൽഹി: വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വ്യാപാര കരാറുകളിൽ വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻ.വി രമണ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിേന്റതാണ് സുപ്രധാന ഉത്തരവ്.
ഇക്കാലത്ത് വാട്സാപ്പ് സന്ദേശങ്ങളുടെ എങ്ങനെയാണ് തെളിവായി പരിഗണിക്കുക. സോഷ്യൽ മീഡിയയിൽ എന്തും നിർമിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. 2016 ഡിസംബർ രണ്ടിലെ ഒരു കരാറുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി പരാമർശം.
സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷനും വിവിധ കമ്പനികളുടെ കൺസോർഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ് തർക്കം ഉടലെടുത്തത്. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടായിരുന്നു കരാർ. പിന്നീട് കൺസോർഷ്യത്തിലുൾപ്പെട്ട എ ടു സെഡ്, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തർക്കമുണ്ടാവുകയും ഇത് കൊൽക്കത്ത കോടതിയുടെ പരിഗണനക്ക് എത്തുകയും ചെയ്തു.
എ ടു സെഡ് എന്ന സ്ഥാപനം 8.18 കോടി ലഭിച്ചുവെന്ന സമ്മതിക്കുന്ന വാട്സ് ആപ് മെസേജുണ്ടെന്ന് ക്വിപ്പോ കൊൽക്കത്ത ഹൈകോടതിയിൽ വാദിച്ചു. എന്നാൽ വാട്സാപ്പ് മെസേജ് വ്യാജമാണെന്നായിരുന്നു എ ടു സെഡിന്‍റെ വാദം. തുടർന്ന് കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തുകയായിരുന്നു. ഈ കേസിലാണ് സുപ്രീംകോടതിയിൽ നിന്നും നിർണായക പരാമർശം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.