ന്യൂഡൽഹി: പുതിയ സ്വകാര്യത നയം മാറ്റത്തിൽ വാട്സ്ആപ് യൂറോപ്യൻ ഉപയോക്താക്കളിൽനിന്ന് വ്യത്യസ്തമായാണ് ഇന്ത്യക്കാർക്ക് സേവനം നൽകുന്നതെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ. വാട്സ്ആപ്പിെൻറ പുതിയ സ്വകാര്യതനയം മാറ്റത്തിൽ ഡൽഹി സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹരജിയിൽ കോടതി കേന്ദ്രത്തിെൻറ വിശദീകരണം തേടിയതിലാണ് അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ ഇക്കാര്യം അറിയിച്ചത്.
യൂറോപ്പിലെ ഉപഭോക്താക്കൾക്ക് പുതിയ നയംമാറ്റം അംഗീകരിക്കാനും നിരാകരിക്കാനും അവസരം നൽകുന്നുണ്ടെങ്കിൽ ഇന്ത്യയിൽ തിരഞ്ഞെടുക്കാനുള്ള അനുമതിയില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. അതേസമയം, ജനുവരി 18ന് പറഞ്ഞപോലെ അവരുടെ സ്വകാര്യത നയപരിഷ്കാരങ്ങൾ ഇഷ്ടമായില്ലെങ്കിൽ ആപ്പ് ഉപേക്ഷിക്കാമെന്നു തന്നെയാണ് ഇത്തവണയും പറയാനുള്ളതെന്ന് ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ പറഞ്ഞു.
''വാട്സ്ആപ് സ്വകാര്യ ആപ്പാണ്. ഇത് ഡൗൺലോഡ് ചെയ്യണോ വേണ്ടയോ എന്നത് ഓരോരുത്തർക്കും തീരുമാനിക്കാം. ഡൗൺലോഡ് ചെയ്യൽ നിർബന്ധമല്ല. എല്ലാ ആപ്പുകൾക്കും വാട്സ്ആപ്പിനെ പോലെയുള്ള നിബന്ധനകൾ തന്നെയാണ് നിലവിലുള്ളത്. എന്തിനാണ് ഹരജിക്കാരൻ വാട്സ്ആപ്പിെൻറ പുതിയ പോളിസിയെ കോടതിയിൽ ചോദ്യം ചെയ്യുന്നത്''- കോടതി ചോദിച്ചു. ഹരജിക്കാരൻ ഉയർത്തിയ പരാതികൾ പാർലമെൻറ് ചർച്ചചെയ്യാൻപോകുന്ന വ്യക്തിവിവര സംരക്ഷണ ബിൽ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് വാട്സ്ആപ്പിനുവേണ്ടി കോടതിയിൽ ഹാജരായത്. പോളിസി മാറ്റം സർക്കാറുമായി ചർച്ചചെയ്യുമെന്ന് കപിൽ സിബൽ അറിയിച്ചു. മാർച്ച് ഒന്നിന് ഇക്കാര്യം വീണ്ടും കോടതി പരിഗണിക്കും. ഉപയോക്താക്കളിൽനിന്ന് വിമർശനം ഉയർന്നതോടെ പോളിസിമാറ്റം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന നിലപാടിൽനിന്ന് നേരേത്ത വാട്സ്ആപ് പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.