ന്യൂദൽഹി: 'അണ്ണാ ഹസാരെ എവിടെയാണ്? യുവാക്കൾ സമരം നടത്തുന്നതൊന്നും അദ്ദേഹം അറിയുന്നില്ലേ?'-രാജ്യത്ത് അഗ്നിപഥിനെതിരായ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ പല കോണുകളിൽനിന്നും ഉയരുന്ന ചോദ്യമിതാണ്. ഒളിമ്പിക് മെഡൽ ജേതാവായ ബോക്സിങ് താരം വിജേന്ദർ സിങ് തിങ്കളാഴ്ച 'അണ്ണാ ഹസാരെ എവിടെയാണ്?' എന്ന ചോദ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ആയിരക്കണക്കിനാളുകളാണ് അത് ലൈക് ചെയ്തത്. യു.പി.എ ഭരണ കാലത്ത് പൊതുജന പ്രശ്നങ്ങളിലും സമരങ്ങളിലുമൊക്കെ സജീവമായ അണ്ണാ ഹസാരെ ബി.ജെ.പി ഭരണ കാലത്ത് സമരരംഗത്തൊന്നും കാര്യമായി പ്രത്യക്ഷപ്പെടാറില്ല. ഇതിനെ ട്രോളിയാണ് വിജേന്ദറിന്റെ ട്വീറ്റ്. പോസ്റ്റിനുകീളെ രസകരമായ കമന്റുകളാണ് വന്നുനിറയുന്നത്. അദ്ദേഹം ഗാഢനിദ്രയിലാണെന്നും കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ മാത്രമേ അദ്ദേഹം ഉണർന്നിരിക്കാറുള്ളൂവെന്നും പലരും പരിഹസിച്ചു.
1962ലെ ഇന്ത്യ-ചൈന യുദ്ധവേളയിൽ സേനയിൽ ചേർന്ന അണ്ണാ ഹസാരെ അവിടെ ട്രക്ക് ഡ്രൈവറായിരുന്നു. പഞ്ചാബിലായിരുന്നു പോസ്റ്റിങ്. 1975ൽ സേനയിൽ നിന്ന് സ്വയം വിരമിച്ച് സാമൂഹിക പ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. ഗാന്ധിയൻ ആദർശങ്ങളാണ് ഉത്തേജനമെന്നായിരുന്നു ഹസാരെയുടെ അവകാശവാദം. നാട്ടിലെ സാമൂഹിക പ്രവർത്തനത്തിനൊടുവിലാണ് കിഷൻ ബാബുറാവു ഹസാരെക്ക് 'അണ്ണാ ഹസാരെ' എന്ന വിശേഷണം സ്വന്തമായത്.
വിവരാവകാശ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് പ്രക്ഷോഭത്തിനിറങ്ങി. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ 1991ൽ ഭ്രഷ്ടാചാർ വിരോധി ജന ആന്ദോളൻ (അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭം) മഹാരാഷ്ട്രയിൽ വ്യാപിച്ചു. പൊതുജീവിതത്തിലെ അഴിമതി തടയാൻ ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന ആവശ്യവുമായി ദൽഹിയിലെ ജന്തർ മന്തറിൽ 2011 ഏപ്രിൽ അഞ്ചു മുതൽ നടത്തിയ നിരാഹാരസമരമാണ് അണ്ണാ ഹസാരെയെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. രാജ്യവ്യാപകമായ പിന്തുണ സമരത്തിന് ലഭിച്ചു. എന്നാൽ, ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കുകയായിരുന്നു ഹസാരെ ചെയ്തതെന്ന ആുരോപണം ശക്തമായതിനെ തുടർന്ന് അദ്ദേഹം വിമർശനശരങ്ങളേറ്റുവാങ്ങി. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ദേശീയ രംഗത്ത് ഒട്ടേറെ സംഭവവികാസങ്ങളുണ്ടായിട്ടും അണ്ണാ ഹസാരെ സമരരംഗത്തിറങ്ങാത്തത് വിമർശനങ്ങൾക്ക് ആക്കം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.