ബാദുൻ (ഉത്തർ പ്രദേശ്): സ്വാതന്ത്ര്യ ദിനത്തിൽ അവതരിപ്പിക്കാനുള്ള 'ഭഗത് സിങ്' നാടകത്തിന്‍റെ പരിശീലനത്തിനിടെ കഴുത്തിൽ കുരുക്ക് മുറുകി 10 വയസുകാരന് ദാരുണാന്ത്യം.
സ്വാതന്ത്ര സമര സേനാനി ഭഗത് സിങ്ങിന്‍റെ കഥ പറയുന്ന നാടകത്തിന്‍റെ പരിശീലനത്തിനിടെ ബാദുനിലെ ബാബത് ഗ്രാമത്തിലെ ശിവം ആണ് മരിച്ചത്. ആഗസ്റ്റ് 15ന് അവതരിപ്പിക്കാനിരുന്ന നാടകത്തിൽ ഭഗത് സിങ്ങിന്‍റെ വേഷമായിരുന്നു ശിവം അവതരിപ്പിക്കാനിരുന്നത്.
സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ അഭിനയ പരിശീലനം നടത്തുകയായിരുന്നു ശിവം. ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗം അവതരിപ്പിക്കാനായി സ്റ്റൂളിൽ കയറിയ ശിവം കഴുത്തിൽ കുരുക്കിട്ടു. സ്റ്റൂളിൽ നിന്ന് തെന്നിയതോടെ കഴുത്തിൽ കുരുക്ക് മുറുകുകയായിരുന്നു. അപകടം കണ്ട ഞെട്ടലിൽ കൂട്ടുകാർക്ക് ഒന്നും ചെയ്യാനായില്ല.
കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ശിവം തൂങ്ങിയ നിലയിൽ കണ്ടത്. പൊലീസിൽ വിവരം അറിയിക്കാതെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.