ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ലീഗിന്റെ ആശയങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ പറഞ്ഞു.
ഇതിൽ ഒന്ന് ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമാണ്. രണ്ടാമത്തേത് ഇന്ത്യയെ വിഭജിക്കാൻ ശ്രമിച്ചവരുടെ ആശയമാണ്. ഇത് രണ്ടും തമ്മിലുള്ള പോരാട്ടമാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ്. എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്ത്യയുടെ വിഭജനത്തിന് വേണ്ടി പ്രവർത്തിച്ചതാരാണെന്നും അതിനെ ഒന്നിപ്പിക്കാനും സ്വതന്ത്രമാക്കാനും വേണ്ടി നിലകൊണ്ടത് ആരാണെന്നും ചരിത്ര സംഭവങ്ങളിലൂടെ മനസിലാക്കാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ആരാണ് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയത്. ജയിലുകൾ കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് നിറഞ്ഞപ്പോൾ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ച ശക്തികളുമായി ചേർന്ന് സംസ്ഥാനങ്ങൾ ഭരിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും രാഹുൽ പറഞ്ഞു. വിവിധ രാഷ്ട്രീയവേദികളിൽ കള്ളങ്ങൾ പ്രചരിപ്പിച്ചാലൊന്നും ചരിത്രം തിരുത്താനാവില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും കോൺഗ്രസിന്റെ പ്രകടനപത്രിക സ്വാതന്ത്രത്തിന് മുമ്പുള്ള ലീഗിന്റെ ആശയങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് നിരന്തരമായി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മറുപടി പുറത്ത് വന്നിരിക്കുന്നത്. പ്രകടനപത്രികക്കെതിരായ മോദിയുടെ വിമർശനങ്ങൾക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.