ഛണ്ഡീഗഡ്: കർഷക സമരഭൂമിയിലെ 35കാരനായ യുവാവിന്‍റെ ക്രൂര കൊലപാതകം മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. പ്രക്ഷോഭം തുടരുന്ന സിംഘു അതിർത്തിയിൽ 35കാരനായ ലഖ്ബീർ സിങ്ങിന്‍റെ കൈകാലുകൾ വെട്ടിമാറ്റിയശേഷം ബാരിക്കേഡിൽ കെട്ടിനിർത്തുകയായിരുന്നു. രക്തം വാർന്നായിരുന്നു മരണം.
കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിഖ് മതക്കാരിലെ നിഹാങ്ക് ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിേന്റതെന്ന രീതിയിൽ നിരവധി വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സിഖുകാരുടെ പുണ്യ ഗ്രന്ഥത്തെ യുവാവ് അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. വെള്ളിയാഴ്ച രാവിലൊണ് ലഖ്ബീർ സിങ്ങിന്‍റെ മൃതദേഹം കണ്ടുകിട്ടിയത്.
സിഖ് സമുദായത്തിലെ തീവ്ര നിലപാടുകാരായ വിഭാഗമാണ് നിഹാങ്ക്. ഖൽസ പെരുമാറ്റചട്ടം കർശനമായി ഇവർ പാലിച്ചുപോരുന്നു. ആരോടും യാതൊരു വിധേയത്വവും ഇവർ കാണിക്കാറില്ല.
1699ൽ 10ാമത്തെ സിഖ് ഗുരുവായ ഗോബിന്ദ് സിങ് ഖൽസ രൂപീകരിച്ചപ്പോൾ സിഖ് പോരാളികളായി മാറിയവരാണ് നിഹാങ്കുകൾ. ഗുരുവിന്‍റെ ഇഷ്ടപ്പെട്ട പോരാളികളാണ് ഇവരെന്ന് അവകാശപ്പെടുന്നു. ആറാമത്തെ ഗുരുവായ ഹർഗോബിന്ദിന്‍റെ അകാൽ സേനയിൽനിന്നാണ് നിഹാങ്കുകൾ രൂപപ്പെട്ടതെന്നും പറയുന്നു.
18ാം നൂറ്റാണ്ടിൽ സിഖ് മതത്തെ സംരക്ഷിച്ച് നിർത്തുന്നതിൽ ഇവർ മുഖ്യപങ്ക് വഹിച്ചിരുന്നതായാണ് രേഖകൾ. മഹാരാജ രജ്ഞിത് സിങ്ങിന്‍റെ സേനയിൽ പ്രധാനസ്ഥാനം ഇവർ അലങ്കരിച്ചിരുന്നതായും പറയുന്നു.
നീല വസ്ത്രങ്ങൾ, അലങ്കരിച്ച തലപ്പാവ്, കുതിരകൾ, ആയുധങ്ങൾ തുടങ്ങിയവ മറ്റുള്ളവരിൽനിന്ന് ഇവരെ വ്യത്യസ്തമാക്കുന്നു. ആരാധനാലയങ്ങളിൽ നീലക്കൊടിയാണ് ഇവർ ഉയർത്തുക. കുതിരക്കും ആയുധങ്ങൾക്കും ഇവരുടെ ജീവിതത്തിൽ പ്രേത്യക സ്ഥാനമുണ്ട്. ചെറുപ്പം മുതൽ ആയോധന പരിശീലനം ഉൾപ്പെടെ ഇവർക്ക് ലഭ്യമാക്കും. ഇരുമ്പ് പാത്രങ്ങളിൽ മാത്രമാണ് ഇവർ ഭക്ഷണം കഴിക്കുക. നിർഭയർ എന്ന വിശേഷണമാണ് ഇവർക്ക് ഗുരു അർജൻ ദേവ് നൽകിയിരുന്നത്.
2020 ഏപ്രിലിൽ രാജ്യത്ത് കോവിഡ് 19നെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാട്യാലയിൽ സബ് ഇൻസ്പെക്ടറുടെ കൈ വെട്ടിയ കേസിൽ നിഹാങ്കുകളുടെ സംഘമായിരുന്നു. കർഫ്യൂ പ്രഖ്യാപിച്ചതിനാൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. കർഷക പ്രക്ഷോഭത്തിന്‍റെ തുടക്കത്തിൽ നിഹാങ്കുകൾ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.