ആരാണ് ആർ.ബി ശ്രീകുമാർ? അറിയാം ഗുജറാത്ത് ഡി.ജി.പിയായിരുന്ന ഈ മലയാളി പോരാളിയെ

സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ സർക്കാറിന്റെ വർഗീയ വിഷത്തിനെതിരെ പട നയിച്ച മനുഷ്യൻ. അതിന്റെ പേരിൽ ആദ്യം കരിയർ ബലി കൊടുക്കേണ്ടി വന്നു, ഇപ്പോൾ അറസ്റ്റിലും. ആർ.ബി. ശ്രീകുമാർ എന്ന നീതിയുടെ പോരാളിയെ ലോകം അറിയുന്നത് ഇങ്ങനെയാണ്.

 

2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയത് കഴിഞ്ഞ ദിവസമാണ്. ഗുജറാത്തിൽ ചുട്ടുകൊല്ലപ്പെട്ട ഇഹ്സാൻ ജാഫരി എം.പിയുടെ ഭാര്യ സകിയ ജാഫരി, മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളികളഞ്ഞത്. ഇതിന് പിന്നാലെ മോദിയും അമിത്ഷായും വേട്ട തുടങ്ങുകയായിരുന്നു. കലാപത്തിൽ ഇരയാക്കപ്പെട്ടവരുടെ നീതിക്ക് വേണ്ടി പോരാടിയവർ തന്നെ അവസാനം ഇരയാക്കപ്പെട്ടു. ടീസ്റ്റ സെറ്റൽവാദും ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറും വിധി പ്രസ്താവനക്ക് പിന്നാലെ അതിവേഗം ജയിലിലടക്കപ്പെട്ടു.

പ്രധാനമന്ത്രിയും ബി.ജെ.പി സർക്കാരും ഇത്രയധികം ഭയക്കുന്നുണ്ടെങ്കിൽ ആരായിരിക്കും ആർ.ബി ശ്രീകുമാർ?

ഗുജറാത്ത് കലാപത്തിൽ സർക്കാർ ഏജൻസികളും കലാപകാരികളും തമ്മിലുള്ള ഒത്തുകളികൾക്കെതിരെ ആദ്യമായി വിരൽ ചൂണ്ടിയ വ്യക്തി. പൊലീസ് സേനയിലെ തന്‍റെ സ്ഥാനമാനങ്ങൾ മറന്ന്, കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് വേണ്ടി നീണ്ട പോരാട്ടം നടത്തിയ മനുഷ്യാവകാശ സംരക്ഷകൻ. വിരമിച്ചതിന് ശേഷം ഒരു സംസ്ഥാനത്തിന്‍റെ ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥൻ.

 

കേരളത്തിലാണ് ശ്രീകുമാർ ജനിച്ചു വളർന്നത്. 1971ൽ ഐ.പി.എസ് ഓഫീസറായ ശ്രീകുമാറിനെ 2002 ഏപ്രിലിലാണ് എ.ഡി.ജി.പിയായി ഗുജറാത്ത് സർക്കാർ നിയമിക്കുന്നത്. പിന്നീട് 2007ൽ വിരമിക്കുന്നത് വരെ ഗുജറാത്തിൽ തന്നെയാണ് തന്‍റെ കരിയർ മുഴുവനും അദ്ദേഹം ചിലവഴിച്ചത്.

പോരാട്ടം തുടങ്ങുന്നു

2002 ഫെബ്രുവരി 27ന് ഗോധ്രയിൽ സബർമതി എക്‌സ്പ്രസ് ട്രെയിനിന് തീവെച്ചതിനു പിന്നാലെയാണ് സംസ്ഥാനമാകെ കലാപത്തിൽ മുങ്ങിയത്. ഗുജറാത്ത് വംശഹത്യയെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി-ഷാ കമീഷന് മുമ്പാകെ സർക്കാരിനെതിരെ മൊഴി നൽകരുതെന്ന് ബി.ജെ.പി സർക്കാർ അദ്ദേഹത്തോട് നിർദേശിച്ചതായി അന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. എന്നാൽ സർക്കാരിനെതിരെ മൊഴി നൽകുക മാത്രമല്ല ഗുജറാത്തിലെ 182 നിയമസഭ മണ്ഡലങ്ങളിൽ 154 മണ്ഡലങ്ങളിലും കലാപം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ക്രമസമാധാനനില നിയന്ത്രണവിധേയമാണെന്ന സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിന് വിരുദ്ധമായി ഒരു ലക്ഷത്തിലധികം ആളുകൾ കലാപം നിമിത്തം സ്വന്തം ഭൂമിയിൽ നിന്ന് കുടിയിറക്കപ്പെട്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചു. ഇത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ പദ്ധതിയെ അട്ടിമറിച്ചു. സർക്കാരിനെ വെല്ലുവിളിച്ച് നടത്തിയ ഈ നീക്കമാണ് മോദിക്കും ബി.ജെ.പിക്കുമെതിരായ അദ്ദേഹത്തിന്‍റെ ആദ്യത്തെ ഏറ്റുമുട്ടൽ.

മോദിയുടെ യോഗത്തിനെതിരെ ഗുരുതര വെളിപ്പെടുത്തൽ

ഗുജറാത്ത് സർക്കാരിന്‍റെ മൗനമാണ് കലാപകാരികൾക്ക് പ്രചോദനമായതെന്ന് ശ്രീകുമാർ ഉറക്കെ വിളിച്ചു പറഞ്ഞു. 2002 ഫെബ്രുവരി 27ന് മുഖ്യമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് ഹിന്ദുക്കളെ അവരുടെ രോഷം തീർക്കാൻ അനുവദിക്കുന്നതിന് വേണ്ടിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. നാനാവതി കമീഷന് മുമ്പാകെ മോദിക്കും സംസ്ഥാന സർക്കാരിനുമെതിരെ ശ്രീകുമാർ സത്യവാങ്മൂലം സമർപ്പിച്ചു. പിന്നീട് നാനാവതി കമീഷൻ മോദിക്ക് ക്ലീൻ ചീറ്റ് നൽകിയെങ്കിലും ടീസ്റ്റ സെറ്റൽവാദുമായി ചേർന്ന് നീതിക്ക് വേണ്ടി പോരാടാൻ ഇരകൾക്ക് നിയമ സഹായം നൽകി തുടങ്ങി.

പ്രതികാര നടപടികൾ തുടങ്ങുന്നു

പിന്നീടങ്ങോട്ട് ശ്രീകുമാറിനെതിരായ സർക്കാരിന്‍റെ പ്രതികാര നടപടികളാരംഭിച്ചു. സർക്കാർ നിർദേശങ്ങൾ പാലിക്കാത്തതിനാൽ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയ തീരുമാനം തെറ്റായിരുന്നെന്ന് 2004 സെപ്റ്റംബർ 24ന് സർക്കാർ അദ്ദേഹത്തെ അറിയിച്ചു. സംസ്ഥാന പൊലീസിന്‍റെ ഭാഗമായിരിക്കെ സർക്കാരിനെതിരായ അദ്ദേഹത്തിന്‍റെ പ്രവർത്തികൾ തെറ്റായിരുന്നുവെന്ന് കത്തിൽ വിമർശനമുയർന്നു. എന്നാൽ അദ്ദേഹം പോരാട്ടം വീണ്ടും തുടർന്നു. 2004 ഒക്‌ടോബർ 6ന് കലാപത്തിലെ സർക്കാർ ഗൂഢാലോചന ആരോപിച്ച് നാനാവതി കമ്മീഷന് മുമ്പാകെ രണ്ടാമത് വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു. ഈ നീക്കം അദ്ദേഹത്തിന്‍റെ കരിയർ തന്നെ അവസാനിപ്പിച്ചു.

 

2005 ഫെബ്രുവരിയിൽ ഗുജറാത്ത് സർക്കാർ സർവീസിൽ ശ്രീകുമാറിന്റെ ജൂനിയറായിരുന്ന ഒരാളുൾപ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉയർന്ന തലത്തിലേക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കി. 2007ൽ വിരമിക്കുന്ന ദിവസം ശ്രീകുമാറിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകണമെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (സി.എ.ടി) ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് 2008ൽ സുപ്രീം കോടതി ശരിവച്ചു.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുടുക്കാൻ സി.ബി.ഐ ശ്രമം

1994ലെ ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുമ്പോൾ ശ്രീകുമാർ ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. തന്നെ കുടുക്കിയതിൽ ശ്രീകുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് നാരായണൻ വിശ്വസിച്ചു. പിന്നീട് 2018ൽ സുപ്രീം കോടതി നമ്പി നാരായണന് ക്ലീൻ ചിറ്റ് നൽകി. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടതോടൊപ്പം പൊലീസുകാരുടെ തെറ്റായ നടപടികളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് ഡി. കെ ജെയിൻ അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിച്ചു.

 

ജസ്‌റ്റിസ് ജെയിൻ കമ്മിറ്റി റിപ്പോർട്ട് സി.ബി.ഐക്ക് അയക്കുകയും വിഷയത്തിൽ ഉചിതമായ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്‌തു. തുടർന്ന് ശ്രീകുമാർ ഉൾപ്പെട്ട 18 അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ എഫ്‌.ഐ.ആർ ഫയൽ ചെയ്തു. കേസിൽ കഴിഞ്ഞ വർഷമാണ് കേരള ഹൈകോടതി അദ്ദേഹത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ശരിവെച്ചത്. മതേതരത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ആദർശങ്ങളിൽ നിലകൊള്ളുന്ന എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുമ്പോൾ മറുവശത്ത് ഐ.എസ്.ആർ.ഒ ചാരവൃത്തിക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ അറസ്റ്റ് തെയ്തതിൽ ശ്രീകുമാറിന്‍റെ പങ്കിനെ സംശയിച്ച ചിലരുമുണ്ടായിരുന്നു.

 ശ്രീകുമാർ ഹിന്ദു തത്വശാസ്ത്രത്തിൽ പണ്ഡിതനാണ്. ഭഗവദ് ഗീത ഉദ്ധരിച്ചു കൊണ്ട് ബി.ജെ.പിയെയും ആർ.എസ്.എസിനെയും അദ്ദേഹം വിമർശിച്ചു. അമ്പലങ്ങളിൽ പൂജാരിയാകാൻ എല്ലാ ജാതിയിൽപ്പെട്ടവർക്കും അർഹതയുണ്ടാകണമെന്ന് 2017ൽ കേരള മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ലീൻ ചീറ്റിന് പിന്നാലെ അറസ്റ്റ്

2002ലെ ഗുജറാത്ത് കലാപത്തിൽ സുപ്രീം കോടതിയിൽ നിന്ന് മോദിക്ക് ക്ലീൻ ചീറ്റ് ലഭിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വീട്ടിലെത്തി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അഹമ്മദാബാദ് ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

Tags:    
News Summary - Who Is RB Sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.