ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തെ ചൊല്ലി രാജസ്ഥാൻ കോൺഗ്രസിൽ രൂക്ഷമായ പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിവസം അശോക് ഗെഹ്ലോട്ട് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് സംസാരിച്ചിരുന്നു. തുടർന്നാണ്, രാജസ്ഥാനിൽ ഒരു സമവായത്തിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിയത്. രാജസ്ഥാനിലെ അധികാരത്തർക്കം ഗെഹ്ലോട്ടിന്‍റെ അധ്യക്ഷ സ്ഥാനാർഥിത്വം ഇല്ലാതാകുന്നതിലേക്ക് നയിക്കുകയും ചെയ്തു.
കൈയിൽ ഒരു കുറിപ്പുമായാണ് വ്യാഴാഴ്ച ഗെഹ്ലോട്ട് സോണിയ ഗാന്ധിയെ കാണാനെത്തിയത്. കുറിപ്പിന്‍റെ ചിത്രങ്ങൾ ഫോട്ടോഗ്രാഫർമാർ പകർത്തുകയും ചെയ്തിരുന്നു. ഏതാനും പോയിന്‍റുകളും ചില കണക്കുകളുമൊക്കെയാണ് ഗെഹ്ലോട്ടിന്‍റെ കുറിപ്പിലുണ്ടായിരുന്നത്. 'എസ്.പി പാർട്ടി വിടും' എന്ന് കുറിപ്പിലുണ്ടായിരുന്നു. കൂടാതെ എസ്.പിക്ക് നേരെ 18 എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
രാജസ്ഥാനിലെ തന്‍റെ വൈരിയായ സചിൻ പൈലറ്റിനെതിരായ ആരോപണങ്ങളാണ് ഗെഹ്ലോട്ട് സോണിയയെ ധരിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സചിൻ പൈലറ്റിനെയാണ് ചുരുക്കി എസ്.പി എന്ന് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ആരാണ് എസ്.പി എന്ന് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി.
പാർട്ടി വിടുമെന്ന് ഗെഹ്ലോട്ട് പറയുന്ന എസ്.പി ആരാണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തി. അങ്ങനെയൊരു കുറിപ്പ് ഗെഹ്ലോട്ട് മനപൂർവം ദൃശ്യമാക്കിയതാണെന്ന ആരോപണവും ബി.ജെ.പി ഉയർത്തി.
102 vs എസ്.പി 18 എന്ന് ഗെഹ്ലോട്ടിന്‍റെ കുറിപ്പിലുണ്ട്. തന്‍റെ കൂടെ 102 എം.എൽ.എമാരുണ്ടെന്നും സചിൻ പൈലറ്റിനൊപ്പം 18 പേർ മാത്രമേ ഉള്ളൂവെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. സർക്കാറിനെ അട്ടിമറിക്കാൻ സചിൻ ശ്രമിച്ചെന്നും ഇതിനായി 10 മുതൽ 50 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തെന്നും കുറിപ്പിലുണ്ട്. അതേസമയം, കുറിപ്പ് ചോർന്നതുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ട് പ്രതികരിച്ചിട്ടില്ല.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് ഗെഹ്ലോട്ട് തീരുമാനിച്ചതോടെ രാജസ്ഥാൻ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള പ്രശ്നം താൽക്കാലികമായി അവസാനിച്ചിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി പദത്തിനായി സചിൻ പൈലറ്റ് കരുക്കൾ നീക്കുന്നതായാണ് റിപ്പോർട്ടുകൾ. നേരത്തെ ഡൽഹിയിലെത്തി സചിൻ നേതാക്കളെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.