മുംബൈ: യഥാർഥ ശിവസേന തങ്ങളാണെന്ന് അവകാശപ്പെട്ട് വിമത നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക് നാഥ് ഷിൻഡെ പക്ഷം നൽകിയ അപേക്ഷയിൽ തെരഞ്ഞെടുപ്പ് കമീഷന് തീർപ്പ്കൽപിക്കാമെന്ന് സുപ്രീംകോടതി.
ഷിൻഡെ വിഭാഗത്തിന്റെ അപേക്ഷയിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്ക് സ്റ്റേ ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം നൽകിയ ഹരജി ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് തള്ളി.
56 ൽ 40 ലേറെ എം.എൽ.എമാരും വിമതപക്ഷത്താണെന്നിരിക്കെ ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് വിധി. അതേസമയം, വിമത എം.എൽ.എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസിന് എതിരെ വിമത പക്ഷവും കൂറുമാറ്റ നിയമവും ഗവർണർ, സ്പീക്കർ എന്നിവരുടെ നടപടികളുമായി ബന്ധപ്പെട്ട് ഉദ്ധവ് പക്ഷവും നൽകിയ ഹരജികളിൽ വാദം തുടരും.
കഴിഞ്ഞ ജൂണിലാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ മറിച്ചിട്ട് ഷിൻഡെ പക്ഷം വിമതനീക്കം നടത്തിയത്. പിന്നീട് ബി.ജെ.പി പിന്തുണയിൽ ഷിൻഡെ മുഖ്യമന്ത്രിയാവുകയും ചെയ്തു.
നഗരസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി ചിഹ്നം ഷിൻഡെ പക്ഷത്തിന് ലഭിച്ചാൽ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത വെല്ലുവിളിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.