ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ മരണം വര്‍ധിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാതാപിതാക്കളില്‍നിന്ന് സത്യപ്രസ്താവന വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പിതാവും മാതാവും മരിച്ചാല്‍ കുട്ടികളെ ആര് ഏറ്റെടുക്കണമെന്നത് സംബന്ധിച്ചുള്ള സത്യപ്രസ്താവന എഴുതിവാങ്ങാനാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ആവശ്യപ്പെടുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രികള്‍ ഇക്കാര്യം അഡ്മിറ്റ് ചെയ്യപ്പെട്ട മാതാപിതാക്കളോട് ചോദിക്കണമെന്ന നിര്‍ദേശം നല്‍കാന്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളെക്കുറിച്ചും അവരെ ആരും ഏറ്റെടുക്കാനുമില്ലാത്ത റിപ്പോര്‍ട്ടുകളുടെ അടിസഥാനത്തിലുമാണ് ഇക്കാര്യം പറയുന്നതെന്നും വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി റാം മോഹന്‍ മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അയച്ച കത്തില്‍ പറയുന്നു.
ദുരിതവും വേദനയും അവരെ ദോഷകരമായി ബാധിക്കുമെന്നത് മാത്രമല്ല, പലപ്പോഴും ബാലവേലകളിലേക്കും മനുഷ്യക്കടത്തിലേക്കും വരെ എത്തിപ്പെടുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന രാജ്യത്ത് 24 മണിക്കൂറിനിടെ 3,980 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 2,30,168 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.