പനാജി: രാഷ്ട്രീയ പാർട്ടികളെക്കാൾ തെരഞ്ഞെടുപ്പുകളിൽ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്നവരാണ് ഗോവൻ ജനത. പ്രാദേശിക തെരഞ്ഞെടുപ്പുകളേക്കാൾ ലോക്സഭ തിരഞ്ഞെടുപ്പിന് ഗോവക്കാർ പ്രാധാന്യം നൽകാറില്ലെന്ന് പ്രാദേശിക മറാത്തി പത്രമായ ഗോവ ടൈംസിന്റെ പ്രസാദ് പറയുന്നു. ഇതേ വാക്കുകളാണ് പാഞ്ചിം ബസ് സ്റ്റാൻഡ് പരിസരത്തുള്ള ബൈക്ക് ടാക്സിക്കാരായ സുബാനി പട്ടേൽ, യാകൂബു ദേസു, അമിത് ബണ്ഡോദ്കർ എന്നിവർക്കും.
രണ്ടര പതിറ്റാണ്ടായി നോർത്ത് ഗോവ ലോക്സഭ മണ്ഡലം കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് നായികിലൂടെ ബി.ജെ.പി കൈയടക്കിയതാണ്. തുടർച്ചയായ ആറാംജയ പ്രതീക്ഷയിൽ രംഗത്തിറങ്ങിയ ശ്രീപദ് നായിക്കിനെ നേരിടാൻ മുൻ കേന്ദ്രമന്ത്രി രമാകാന്ത് ഖലപിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ‘നല്ല മനുഷ്യൻ’ എന്ന പേരിൽ ജനപിന്തുണയുള്ള ശ്രീപദ് നായിക്കിന് വെല്ലുവിളിയാണ് രമാകാന്ത്.
താൻ കൊണ്ടുവന്ന വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ശ്രീപദ് നായിക് വോട്ട് തേടുന്നതെങ്കിൽ പ്രാദേശിക വിഷയങ്ങൾ പാർലമെന്റിൽ ഉയർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് രമാകാന്ത് ഖലപ് ആരോപിക്കുന്നു. ഉയർന്നുവരുന്ന തൊഴിലില്ലായ്മ ബി.ജെ.പിക്ക് പ്രതികൂലമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതേസമയം പ്രാദേശിക വിഷയങ്ങളുമായി മത്സരിക്കുന്ന റവലൂഷനറി ഗോവൻ പാർട്ടി യുവ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും കരുതുന്നു.
കോൺഗ്രസ് തട്ടകമായാണ് സൗത്ത് ഗോവ ലോക്സഭ മണ്ഡലം അറിയപ്പെടുന്നത്. 1999ലും 2014ലും മാത്രമാണ് മണ്ഡലം ബി.ജെ.പിക്കൊപ്പം നിന്നത്. സിറ്റിങ് എം.പി ഫ്രാൻസിസ്കോ സർദിനയേ മാറ്റി നാവികസേനയിൽനിന്നും വിരമിച്ച ക്യാപ്റ്റൻ വിരിയാതൊ ഫെർണാണ്ടസിനാണ് കോൺഗ്രസ് ഇത്തവണ സീറ്റ് നൽകിയത്. ഡെമ്പോ വ്യവസായ കുടുംബത്തിലെ പല്ലവി ശ്രീനിവാസ് ഡെമ്പോയാണ് ബി.ജെ.പി സ്ഥാനാർഥി.
ഗോവക്കാരുടെ കാലങ്ങളായുള്ള ആവശ്യമായ ഇരട്ട പൗരത്വം മുഖ്യ വിഷയമായി ഉന്നയിച്ചാണ് കോൺഗ്രസ് സ്ഥാനാർഥി വോട്ടുകൾ തേടുന്നത്. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കെ ഇരട്ട പൗരത്വത്തിന് പ്രാധാന്യമേറുന്നു. ഇത് രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ നായമാണെന്ന് പറഞ്ഞാണ് ബി.ജെ.പി പ്രതിരോധിക്കുന്നത്.
ഇതിനിടയിൽ, സൂക്ഷ്മതയോടെ ഭരണഘടന മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് ക്രിസ്ത്യൻ പള്ളികൾ ഭക്തരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗത്ത് ഗോവയിൽ 29 ശതമാനവും നോർത്ത് ഗോവയിൽ 20 ശതമാനവുമാണ് ക്രിസ്ത്യൻ ജനസംഖ്യ. പള്ളികളിലെ ഈ അപേക്ഷ കോൺഗ്രസിന് പ്രതീക്ഷ പകരുന്നുണ്ട്. ചൊവ്വാഴ്ച നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പിലാണ് ഗോവയിലും വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.