ന്യൂഡൽഹി: ഉദ്യോഗസ്ഥൻമാരോട് മാത്രം സംസാരിക്കാനാണെങ്കിൽ മുഖ്യമന്ത്രിമാരെ വിഡിയോ കോൺഫ്രൻസിന് ക്ഷണിക്കുന്നതെന്തിനെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. യോഗത്തിന് വിളിച്ച് സംസാരിക്കാൻ അനുവദിക്കാതെ അപമാനിച്ചു എന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരെയും കലക്ടർമാരേയും ചീഫ് സെക്രട്ടറിമാരേയും വിളിച്ചുകൊണ്ട് നടത്തിയ യോഗത്തിൽ ഉദ്യോഗസ്ഥൻമാരെ മാത്രമാണ് സംസാരിക്കാൻ അനുവദിച്ചതെന്നും ഇത് അപമാനമാണെന്നുമായിരുന്നു മമതയുടെ ആരോപണം.
'ആ യോഗത്തിൽ ഞാനും സന്നിഹിതമായിരുന്നു. എല്ലാ മുഖ്യമന്ത്രിമാരും ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരോട് സംസാരിക്കാൻ മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രിമാരെ യോഗത്തിന് വിളിച്ചത്' ഹേമന്ത് സോറൻ ചോദിച്ചു.
പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ വിളിച്ച് നേരിട്ട് കാര്യങ്ങൾ ചോദിച്ച് അറിയുന്നത് ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി സംസാരിച്ചുകൊണ്ടിരിക്കുന്നതിനു പകരം എപ്പോഴെങ്കിലും മറ്റുള്ളവരെ കേൾക്കാൻ കൂടി തയാറായാൽ നന്നായിരുന്നു എന്ന് നേരത്തേ ഹേമന്ത് സോറൻ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.