ന്യൂഡൽഹി: ഫലസ്തീൻ പൗരൻമാർക്കെതിരെ ഇസ്രായേൽ അതിക്രമം തുടരുന്നതിനിടെ ഇന്ത്യൻ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നിലപാട് വീണ്ടും ചർച്ചയാകുന്നു. ഇന്ത്യയിലെ തീവ്രഹിന്ദുത്വ വിഭാഗങ്ങളക്കമുള്ളവർ ഇസ്രായേൽ അനുകൂലികളായി രംഗത്തുവരുന്ന പശ്ചാത്തലത്തിലാണ് ഗാന്ധിയുടെ നിലപാട് ചർച്ചയാകുന്നത്.
1938 നവംബർ 26ന് ഹരിജനിൽ ഗാന്ധി എഴുതിയത് ഇങ്ങനെ: ''ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് ജൂതരായ സുഹൃത്തുക്കളുണ്ടായിരുന്നു. ജൂതർ പതിറ്റാണ്ടുകളായി നേരിട്ട വിവേചനം തനിക്കറിയാം. ജർമനിയിലടക്കമുള്ളിടങ്ങളിൽ ജൂതർ കടുത്ത അനീതി നേരിട്ടിരുന്നു. പക്ഷേ പ്രത്യേക രാജ്യത്തിന് വേണ്ടിയുള്ള ജൂതരുടെ ആവശ്യത്തിനോട് എനിക്ക് യോജിപ്പില്ല. ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ടും ഫ്രഞ്ചുകാർക്ക് ഫ്രാൻസും ഉള്ളത് പോലെയാണ് അറബികൾക്ക് ഫലസ്തീൻ. ജൂതന്മാരെ അറബികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്''.
ബ്രിട്ടീഷുകാരുടെ തോക്കിൻ സഹായത്തോടെയുള്ള ഇസ്രായേൽ രൂപീകരണത്തെ ഗാന്ധി ശക്തമായി എതിർത്തിരുന്നു. ജർമനിയിൽ ഹിറ്റ്ലർ ക്രൂരമായി ജൂതരെ കൊന്നൊടുക്കിയതിരെ ശക്തമായി പ്രതിഷേധിച്ച ഗാന്ധി പക്ഷേ എല്ലായ്പ്പോഴും ഫലസ്തീനിലേക്കുള്ള ജൂതരുടെ കടന്നുകയറ്റത്തിന് എതിരായിരുന്നു. നെഹ്റു, ഇന്ദിര ഗാന്ധി അടക്കമുള്ള നേതാക്കളും ഫലസ്തീനൊപ്പം നിന്നവരായിരുന്നെന്നും പലരും ഇസ്രായേൽ അനുകൂലികളെ ഓർമപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.