എന്തുകൊണ്ട് നാംദേവ് കട്കർ ഇത്തവണ ബി.ജെ.പിക്ക് വോട്ടു ചെയ്യില്ല?

ന്യൂഡൽഹി: പുതിയ കേന്ദ്ര ബജറ്റിനു പിന്നാലെ മധ്യവർഗ രോഷത്തിനിരയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റോടെ രാജ്യത്തെ നിർണായക വോട്ടർമാരായ ഇടത്തരക്കാർ മോദിയുടെ പാർട്ടിയെ പ്രതിരോധത്തിലാഴ്ത്തുന്നതായി സർവേകളുടെ പിൻബലത്തോടെ ‘റോയിട്ടേഴ്സ്’ പുറത്തുവിട്ടു. മൂന്ന് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബജറ്റ് അവതരിപ്പിച്ചത്. മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലെ ഫെഡറൽ ​പ്രദേശങ്ങളിലുമാണ് സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് നടക്കുക.

ബജറ്റിനുശേഷം മൂന്ന് സംസ്ഥാനങ്ങളിലെ ഒരു ഡസൻ ഇടത്തരം വോട്ടർമാരുമായി സംസാരിച്ചതിൽ അവരെല്ലാം നിരാശരാണെന്ന് കണ്ടെത്തിയതായി ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് ചെയ്തു. നിലവിലെ തങ്ങളുടെ ഉയർന്ന നികുതി ചെലവ് തുടരുമെന്നതും അതിലിനിയും വർധന വരുമെന്നുമാണ് കാരണമായി വോട്ടർമാർ പറയുന്നത്.

ധനവിപണികളിലെ ചില്ലറ നിക്ഷേപങ്ങളിൽനിന്നുള്ള നേട്ടത്തിന്മേൽ നികുതി ഉയർത്തിയതും, ആശ്വാസമുണ്ടാക്കുന്നതായിട്ടും ആദായനികുതി നിരക്കുകൾ സ്പർശിക്കാതെ ഉപേക്ഷിച്ചതും, ചില റിയൽ എസ്റ്റേറ്റ് നികുതി ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞതുമാണ് ഇന്ത്യയിലെ 1.42 കോടി ജനസംഖ്യയിൽ 30% വരുന്ന മധ്യവർഗത്തിന്റെ രോഷത്തിന് കാരണമായത്.

‘മഹാരാഷ്ട്രയിലാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ. എന്റെ വരുമാനത്തിനായി ഞാനിനി കൂടുതൽ നികുതി നൽകേണ്ടിവരും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുന്നതിന് തുല്യമാണിതെന്ന്’ മഹാരാഷ്ട്രക്കാരനായ ഗ്രാഫിക്സ് ആർട്ടിസ്റ്റ് നാംദേവ് കട്കർ പറയുന്നു. ‘സമ്പാദ്യമെല്ലാം ഓഹരി വിപണിയിലാണ് നിക്ഷേപിക്കുന്നത്. ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതു​വരെ ഉറപ്പിച്ചിട്ടില്ല. പക്ഷേ, ഇത്തവണ അത് ബി.ജെ.പിക്ക് ആയിരിക്കില്ലെ’ന്നും കട്കർ പറഞ്ഞു.

ഇത് തങ്ങളുടെ പോക്കറ്റുകൾക്ക് ദോഷം ചെയ്യുന്നതാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് മുമ്പ് താൻ രണ്ട് വട്ടം ആലോചിക്കുമെന്നും ഝാർഖണ്ഡിൽ പബ്ലിക് റിലേഷൻസ് സ്ഥാപനം നടത്തുന്ന കുമുദ് രഞ്ജനും പറയുന്നു.

പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ പരാജയം മോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തെ ബാധിക്കില്ലെങ്കിലും ലോക്സഭയിൽ ഭൂരിപക്ഷം നേടുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടതിനെത്തുടർന്ന് മോദിയുടെ നേതൃത്വത്തെയും അജയ്യതയെയും കുറിച്ചുയർന്ന ചോദ്യങ്ങളെ ഇത് ശക്തിപ്പെടുത്തും. സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റാൽ അത് മോദിയുടെ നേതൃത്വത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡൽഹി ആസ്ഥാനമായുള്ള രാഷ്ട്രീയ നിരൂപക ആരതി ജെറാത്ത് പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പോലും നേടാനാകാത്തതിൽ പാർട്ടിക്കുള്ളിൽ തന്നെ അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. രാജ്യസഭയിൽ ഒരു പാർട്ടിയുടെയോ സഖ്യത്തിന്റെയോ ശക്തി നിർണയിക്കുമെന്നതിനാൽ പ്രാദേശിക വോട്ടുകളും പ്രധാനമാണ്.

C-Voter ഏജൻസി നടത്തിയ സർവേ പ്രകാരം 2014ൽ മോദി അധികാരത്തിൽ വന്നതിനുശേഷം അവതരിപ്പിച്ച ഏറ്റവും ജനപ്രീതിയില്ലാത്ത ബജറ്റാണ് ഇതെന്നാണ്. 2000 പേരെ പ​ങ്കെടുപ്പിച്ച് നടത്തിയ സർവേയിൽ 10ൽ 4 പേരും ഈ അഭിപ്രായം പങ്കുവെച്ചു.ഈ മധ്യവർഗം ഇന്ത്യയിലെ നിർണായക വോട്ടർമാരെ പ്രതിനിധീകരിക്കുന്നുവെന്നും പ്രാദേശിക പ്രശ്‌നങ്ങൾ, ഗ്രാമീണ ദുരിതം, ഉയർന്ന തൊഴിലില്ലായ്മ എന്നിവക്കൊപ്പം അവരുടെ രോഷം സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ സാധ്യതകളെ ബാധിക്കുമെന്നും രാഷ്ട്രീയ വിശകലന വിദഗ്ധരും പറയുന്നു.

മിക്ക ഇടത്തരക്കാർക്കിടയിലും ‘ന്യായമായ നീരസം’ ഉണ്ടെന്നും അത് നിലവിലെരാഷ്ട്രീയ കാലാവസ്ഥയെ ബാധിക്കുമെന്നും മസാച്യുസെറ്റ്‌സ് ആംഹെർസ്റ്റ് യൂനിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിദഗ്ധൻ ജയതി ഘോഷ് പറഞ്ഞു. സാധാരണ മാധ്യമങ്ങളിൽ അവർക്ക് കാര്യമായ ശബ്ദമുണ്ട്. പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിൽ. അതിനാൽ ചർച്ചകളെ അവർക്ക് മാറ്റിമറിക്കാൻ കഴിയുമെന്നും ഘോഷ് കൂട്ടിച്ചേർത്തു.

‘ബജറ്റിനുമുമ്പ് മധ്യവർഗം പ്രധാനമന്ത്രിയെ പിന്തുണച്ചിരിക്കാം. എന്നാൽ, ഈ ബജറ്റിലൂടെ നിങ്ങൾ അവരുടെ മുതുകിലും നെഞ്ചിലും കുത്തി. ഇത് ഏറെ വിഷമകരമായ കാര്യമാണ്. മധ്യവർഗം ഇപ്പോൾ നിങ്ങളെ ഉപേക്ഷിച്ച് ഞങ്ങളുടെ അരികിലേക്ക് വരികയാണെന്നായിരുന്നു’ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രതികരിച്ചത്. ഇടത്തരക്കാരുടെ വേദന തനിക്ക് മനസ്സിലാവുന്നുണ്ടെന്നും എന്നാൽ കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു ബജറ്റവതരണത്തിനു​ശേഷം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞത്. അവരെ ആശ്വസിപ്പിക്കണമെന്നു​ണ്ടെന്നും പക്ഷേ തനിക്കും പരിമിതികളുണ്ടെന്നും അവർ കൈമലർത്തി.

മധ്യവർഗത്തിന്റെ രോഷം ഭരണകക്ഷിക്ക് ഒരു ചരൽക്കല്ലായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനും മുൻ ബാങ്കറുമായ അമിതാഭ് തിവാരിയും പറയുന്നു. അതിനുള്ള വില ബി.ജെ.പി ഇതിനോടകം തന്നെ നൽകിക്കഴിഞ്ഞുവെന്നും പൊതു തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിലെത്താനുള്ള  കഴിവില്ലായ്മ ചൂണ്ടിക്കാട്ടി തിവാരി പറഞ്ഞു.

Tags:    
News Summary - Why Namdev Katkar won't vote for BJP this time?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.