ബംഗളൂരു: ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്രയധികം വിരോധം എന്തിനാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 2024ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ചേർന്ന പ്രതിപക്ഷ ഐക്യത്തിന് ഇന്ത്യയെന്ന് പേര് നൽകിയതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ എന്നിവയോടായിരുന്നു പ്രതിപക്ഷ ഐക്യമായ ഇന്ത്യയെ മോദി താരതമ്യം ചെയ്തത്. ഇന്ത്യക്കാരായ ജനങ്ങളുടെ നൂറുകണക്കിന് കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട കള്ളന്മാരായ ലളിത് മോദിക്കും നീരവ് മോദിക്കും മോദി എന്ന പേരുണ്ടെന്നും എന്നാൽ അത് കൊണ്ട് നരേന്ദ്ര മോദിയെ അവരുമായി താരതമ്യപ്പെടുത്താനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയെ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായും, ഇന്ത്യൻ മുജാഹിദീനുമായുമൊക്കെ താരതമ്യം ചെയ്യുന്നുണ്ടല്ലോ. നൂറുകണക്കിന് ഇന്ത്യക്കാരുടെ നികുതിപ്പണം കൊള്ളയടിച്ച് രാജ്യം വിട്ട നീരവ് മോദിക്കും, ലളിത് മോദിക്കും മോദി എന്ന പേര് കൂടിയില്ലേ. എന്ന് കരുതി അവരെ നിങ്ങളുമായി താരതമ്യം ചെയ്യാനാകുമോ.
രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ചുമത്തിയതും അദ്ദേഹത്തെ ലോക്സഭയിൽ നിന്നും പുറത്താക്കിയതിനുമെല്ലാം പിന്നിൽ നീരവിനും ലളിതിനും മോദി എന്ന പേര് കൂടിയില്ലേ എന്ന ചോദ്യമായിരുന്നു. പ്രതിപക്ഷ ഐക്യമായ ഇന്ത്യയെ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായും, ഇന്ത്യൻ മുജാഹിദീനുമായും താരതമ്യം ചെയ്തതിന് രാഹുൽഗാന്ധിക്കെതിരെ പയറ്റിയ അതേ നടപടി തന്നെയല്ലേ നിങ്ങൾക്കെതിരെയും വേണ്ടത്‍?' സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ എന്ന പേരിനോടുള്ള വിരോധം കാരണം മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ, സ്കിൽ ഇന്ത്യ പോലുള്ള സർക്കാർ പദ്ധതികളുടെ പേരും മോദി സർക്കാർ മാറ്റുമോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.