ന്യൂഡൽഹി: മുഗൾ കാലഘട്ടത്തിനും മൂന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച മെഹ്റോളിയിലെ പുരാവസ്തു പ്രാധാന്യമുള്ള അഖുന്ദ്ജി മസ്ജിദ് ഇടിച്ചുനിരത്തിയത് എന്തിനാണെന്ന് ഡൽഹി ഹൈകോടതി. ചൊവ്വാഴ്ച സുബ്ഹി നമസ്കാരത്തിന് മുമ്പ് വൻ പൊലീസ് സന്നാഹവുമായെത്തി ബലം പ്രയോഗിച്ച് പള്ളി പൊളിച്ചുനീക്കുന്നതിന് ആധാരമാക്കിയ രേഖകൾ സമർപ്പിക്കാൻ ഡൽഹി വികസന അതോറിറ്റിയോട് ജസ്റ്റിൻ സചിൻ ദത്ത നിർദേശിച്ചു. പള്ളി പൊളിച്ചതിനെതിരെ പള്ളി കമ്മിറ്റി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും. അതേസമയം പള്ളി ഇടിച്ചുനിരത്തിയ ഭൂമിയിൽ നമസ്കാരത്തിന് അനുമതി നൽകാത്ത തരത്തിൽ തൽസ്ഥിതി തുടരാനുള്ള കോടതി ഉത്തരവ് ഡി.ഡി.എക്ക് ആശ്വാസമായി.
ഡൽഹി വഖഫ് ബോർഡിന് കീഴിലുള്ള പള്ളിയുടെ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് പള്ളി കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഡ്വ. ശംസ് ഖ്വാജ ബോധിപ്പിച്ചു. മെഹ്റോളി പ്രദേശത്തെ അനധികൃത കൈയേറ്റം തങ്ങൾ അടയാളപ്പെടുത്തുമെന്ന് പറഞ്ഞുപോയ ഡി.ഡി.എ പിന്നീട് മുന്നറിയിപ്പില്ലാതെ പള്ളി പൊളിച്ചുനീക്കുകയാണ് ചെയ്തതെന്നും ശംസ് ഖ്വാജ വാദിച്ചു. എന്നാൽ, അനധികൃത ആരാധനാലയങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടിയുടെ ഭാഗമായാണ് പള്ളി പൊളിച്ചതെന്നും ഇവ പരിശോധിക്കുന്ന സർക്കാർ കമ്മിറ്റി പള്ളി അനധികൃതമാണെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡി.ഡി.എ വാദിച്ചു.
എന്നാൽ, പൊളിച്ചുനീക്കും മുമ്പ് നോട്ടീസ് നൽകിയിരുന്നില്ലെന്ന് ഡി.ഡി.എ കോടതിയിൽ സമ്മതിച്ചു. ഇതേ തുടർന്ന് പള്ളി പൊളിക്കുന്നതിലെത്തിയ നടപടിക്രമങ്ങൾ വിശദീകരിക്കാനും അതിനാധാരമായ രേഖകൾ സമർപ്പിക്കാനും ഡി.ഡി.എക്ക് നിർദേശം നൽകിയ ജസ്റ്റിസ് സചിൻ ദത്ത വിശദവാദത്തിനായി കേസ് ഫെബ്രുവരി 12ലേക്ക് മാറ്റി. ഇമാം അടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈലുകൾ പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് നീക്കം ചെയ്ത ശേഷമാണ് പള്ളി ഇടിച്ചുനിരത്തിയത്.
സ്ഥലം ഡൽഹി വികസന അതോറിറ്റിയുടേതാണെന്നും ഒഴിയണമെന്നും പറഞ്ഞായിരുന്നു ഇടിച്ചുനിരത്തൽ. മതപഠനം നടക്കുന്ന പള്ളിയിലെ വിശുദ്ധ ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങളും പള്ളിയിൽ താമസിച്ചുപഠിക്കുന്ന വിദ്യാർഥികളുടെ വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള സാധന സാമഗ്രികളും എടുത്തുമാറ്റാൻ അനുവദിക്കാതെയായിരുന്നു ഇടിച്ചുനിരത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.