കൂടുതൽ സമയം ജോലി ചെയ്യാം; അധിക കാലം ആയുസുണ്ടാകില്ലെന്ന് മാത്രം -നാരായണ മൂർത്തിക്കെതിരെ പ്രമുഖ കാർഡിയോളജിസ്റ്റ്

മുംബൈ: യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി ചെയ്യാൻ താൽപര്യം കാണിക്കണമെന്ന ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ നിർദേശം വലിയ ചർച്ചയായിരുന്നു. രാജ്യത്തിന്റെ തൊഴിൽ ഉൽപ്പാദന ക്ഷമത വർധിപ്പിക്കാൻ യുവാക്കളുടെ ജോലിസമയം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു നാരായണ മൂർത്തിയുടെ അഭിപ്രായം. ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജാൻ ജിൻഡാൽ മൂർത്തിയെ പിന്തുണച്ചിരുന്നു. എന്നാൽ, കൂടുതൽ സമയം ജോലി ചെയ്യുന്ന യുവാക്കളുടെ ആരോഗ്യനിലയും കണക്കിലെടുക്കണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുകയാണ് ബംഗളൂരുവിലെ പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ. ദീപക് കൃഷ്ണമൂർത്തി. എക്സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മനുഷ്യത്വ രഹിതമായ തൊഴിൽ സമയം ഒരു മനുഷ്യന്റെ ഹൃദയതാളം തെറ്റിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

''നമുക്കൊക്കെ ആകെയുള്ളത് 24 മണിക്കൂർ സമയമാണ്. ആഴ്ചയിൽ ആറുദിവസവും നമ്മൾ ജോലി ചെയ്യുന്നു. ഒരുദിവസം 12 മണിക്കൂർ ഒരാൾ ജോലി ചെയ്യുന്നു എന്നിരിക്കട്ടെ, അപ്പോൾ അവശേഷിക്കുന്ന 12 മണിക്കൂറിൽ എട്ടു മണിക്കൂർ ഉറക്കത്തിനായി മാറ്റിവെക്കും. ബാക്കിയുള്ള നാലു മണിക്കൂറിൽ രണ്ട് മണിക്കൂർ ബംഗളൂരു പോലുള്ള നഗരങ്ങളിലെ ട്രാഫിക് കുരുക്കിൽ പെട്ടു തീരും. രണ്ട് മണിക്കൂർ പല്ലു തേക്കാനും കുളിക്കാനും ഭക്ഷണം കഴിക്കാനുമായി വിനിയോഗിക്കും. അതായത് ഈ ഷെഡ്യൂളിൽ സുഹൃത്തുക്കളുമായി സംസാരിക്കാൻ സമയം മാറ്റിവെച്ചിട്ടില്ല. കുടുംബവുമായി സംസാരിക്കാൻ പ്രത്യേകം സമയം ഇല്ല. വ്യായാമം ചെയ്യാനോ മറ്റ് റിക്രിയേഷൻ പ്രവർത്തനങ്ങൾക്കായോ സമയമില്ല. പിന്നെങ്ങനെ യുവാക്കൾക്ക് ഹൃദയാഘാതം വരാതിരിക്കും.''-എന്നാണ് ഡോക്ടർ ദീപക് കൃഷ്ണമൂർത്തി ചോദിക്കുന്നത്.

സർക്കാർ തൊഴിലുകളുടെ എണ്ണം വർധിപ്പിക്കാൻ തയാറായാൽ തൊഴിലില്ലായ്മ ഇല്ലാതാക്കാമെന്നും യുവാക്കൾക്ക് തൊഴിലും-ജീവിതവും ബാലൻസ് ആയി കൊണ്ടുപോകാമെന്ന നിർദേശവും ഡോക്ടർ മുന്നോട്ട് വെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് ഡോക്ടറുടെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. തൊഴിൽ സാഹചര്യം മാറേണ്ടിയിരിക്കുന്നു എന്ന് തന്നെയാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. ആശുപത്രികളടക്കമുള്ള തൊഴിലിടങ്ങളിൽ ശനിയും ഞായറും അവധി ദിനമാക്കണമെന്നും കൂടുതൽ മെച്ചപ്പെട്ട വേതനം നൽകണമെന്നും തൊഴിൽ കാര്യക്ഷമമാക്കാൻ പരി​ശീലനം വേണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

ആഴ്ചയിൽ ശരാശരി 52 മണിക്കൂർ ആണ് തൊഴിൽ സമയമെന്നാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടന മുന്നോട്ട് വെച്ചതെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഇത് 70 മണിക്കൂർ വരെയാക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ഡോക്ടർ കൃഷ്ണമൂർത്തിയുടെ പോസ്റ്റ് ഒമ്പത് ലക്ഷത്തോളം ആളുകളാണ് വായിച്ചത്.

Tags:    
News Summary - Why Young People Get Heart Attacks: Doctor On Narayana Murthy's 70 Hour Workweek Suggestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.