പന്തല്ലൂർ: ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ആനയെ തുരത്താനെത്തിയ വനപാലക സംഘത്തിന്‍റെ വാഹനത്തിന് നേരെ ഒറ്റക്കൊമ്പന്റെ ആക്രമണം. വാഹനം തള്ളിമറിച്ചിട്ടതോടെ ആനയെ തുരത്താൻ ജനങ്ങൾ ഓടിയെത്തേണ്ടി വന്നു. പന്തല്ലൂർ ഉപ്പട്ടി റോഡിന് ഇടയിലുള്ള തൊണ്ടിയാളത്താണ് ഒറ്റക്കൊമ്പൻ ഇറങ്ങിയത്.
ആനയെ തുരത്താൻ ദേവാല ഫോറസ്റ്റ് ഗാർഡ് മരിയദാസിന്‍റെ നേതൃത്വത്തിലുള്ള ആന നിരീക്ഷണ സംഘത്തിലെ മോഹൻരാജ്, രമേഷ്കുമാർ, ബാലചന്ദർ, ലിവിംഗ്സ്റ്റാർ, സതീഷ്കുമാർ എന്നിവരാണ് വാഹനത്തിൽ എത്തിയത്. റോഡിൽ നിന്ന ആന വനംവകുപ്പ് വാഹനത്തിനുനേരെ പാഞ്ഞടുത്ത് ജീപ്പ് കുത്തിമറിച്ചിടുകയായിരുന്നു. ജീവനക്കാർ ഇതോടെ ജീപ്പിനുള്ളിൽ കുടുങ്ങി. ഇതോടെ ഇവിടെയുണ്ടായിരുന്ന നാട്ടുകാർ ഒച്ചവെച്ച് ആനയെ തുരത്തി.
എന്നാൽ, വനംവകുപ്പ് വാഹനത്തിന് നേരെ ആന വീണ്ടും ആക്രമണത്തിന് ശ്രമിച്ചു. ജനക്കൂട്ടം ബഹളംവച്ചതോടെ ആന സമീപത്തെ തോട്ടത്തിലേക്ക് കയറി. പിന്നീട് നാട്ടുകാർ ചേർന്നാണ് വാഹനം ഉയർത്തി വനംവകുപ്പ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
നെലക്കക്കോട്ടയിൽ ഇതിനകം നാല് വാഹനങ്ങൾ ആക്രമിച്ച ഈ ആന കഴിഞ്ഞയാഴ്ച ചേരമ്പാടിയിൽ വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ച് കേടുവരുത്തിയിരുന്നു. ഈ ആന വാഹനങ്ങളെ ആക്രമിക്കുന്നത് പതിവായതിനാൽ യാത്രക്കാർ ഭീതിയിലാണ്. ആന വനപാലകരുടെ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.