‘ഇന്ത്യയുടെ സുഹൃത്തുക്കൾ എന്ന നിലയിൽ സ്മരിക്കപ്പെടും’; ഇറാൻ ഭരണാധികാരികളുടെ അപകട മരണത്തിൽ വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് മികച്ച സംഭാവനകൾ നൽകിയ ഇരുവരും ‘ഇന്ത്യയുടെ സുഹൃത്തുക്കൾ’ എന്ന നിലയിൽ സ്മരിക്കപ്പെടുമെന്ന് അദ്ദേഹം ഇറാൻ എംബസി സന്ദർശിച്ച ശേഷം അനു​ശോചന പുസ്തകത്തിൽ കുറിച്ചു.

‘പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ലാഹിയാന്റെയും ദാരുണ നിര്യാണത്തിൽ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കാൻ ഇന്ന് ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ചു. ഇന്ത്യ-ഇറാൻ ബന്ധത്തിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ ഇന്ത്യയുടെ സുഹൃത്തുക്കളായി അവർ എന്നും ഓർമിക്കപ്പെടും. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യൻ സർക്കാർ ഇറാനിലെ ജനതയോട് ഐക്യദാർഢ്യപ്പെടുന്നു’ -സന്ദർശന ശേഷം ജയ്ശങ്കർ എക്സിൽ കുറിച്ചു.

ഇരുവരുടെയും മരണത്തിൽ അനുശോചിച്ച് ചൊവ്വാഴ്ച ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിക്കുകയും രാജ്യമൊട്ടാകെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുകയും ഔദ്യോഗിക പരിപാടികൾ മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ ഓർമിക്കപ്പെടുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന കുറിപ്പിൽ പറഞ്ഞത്.

‘ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍റെ പ്രസിഡന്‍റ് ഡോ. സെയ്ദ് ഇബ്രാഹിം റഈസിയുടെ ദാരുണ വിയോഗത്തിൽ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും എന്‍റെ അനുശോചനം അറിയിക്കുന്നു. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു’ -എന്നിങ്ങനെയായിരുന്നു മോദി എക്സിൽ കുറിച്ചത്.

ഞായറാഴ്ചയാണ് അസർബൈജാൻ അതിർത്തിയിലെ ജുൽഫയിൽ ഹെലികോപ്റ്റർ തകർന്ന് ഇറാൻ നേതാക്കൾ കൊല്ലപ്പെട്ടത്. എട്ടുപേർ സഞ്ചരിച്ച ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ ജുൽഫയിൽ വനമേഖലയിലെ മലമുകളിൽ തിങ്കളാഴ്ച രാവിലെ രക്ഷാപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് കോപ്ടറിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തത്. കനത്ത മഞ്ഞിൽ നിയന്ത്രണം നഷ്‍ടമായ യു.എസ് നിർമിത ബെൽ 212 ഹെലികോപ്ടർ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ഇറാൻ അധികൃതരുടെ വിശദീകരണം.

Tags:    
News Summary - Will be remembered as 'Friends of India'; Foreign Minister on the accidental death of Iranian leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.