ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം ലഭിച്ചത്, ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഗുണം ചെയ്യുമെന്ന് ഇരുവരുടെയും അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. തിഹാർ ജയിലിൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇന്നോ നാളെയോ സിസോദിയ പുറത്തിറങ്ങുമെന്നും സിങ്‌വി വ്യക്തമാക്കി.
ചട്ടപ്രകാരം സുപ്രീംകോടതിയുടെ ജാമ്യ ഉത്തരവ് ആദ്യം വിചാരണ കോടതിയായ ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ജാമ്യവ്യവസ്ഥകൾ ഉറപ്പാക്കിയ ശേഷം ഇവിടെനിന്നും തിഹാർ ജയിലിലേക്ക് ഉത്തരവ് കൈമാറും. ജയിലിലെ നടപടിക്രമങ്ങൾ കൂടി പൂർത്തിയാകുന്നതോടെ സിസോദിയയെ മോചിപ്പിക്കും. വിചാരണ നീണ്ടുപോകുന്നത് മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് വെള്ളിയാഴ്ച സിസോദിയക്ക് ജാമ്യമനുവദിച്ചത്.
17 മാസമായി ജയിലിൽ കഴിയുന്ന സിസോദിയക്ക് കടുത്ത നിബന്ധനകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യവും 10 ലക്ഷം രൂപ കെട്ടിവെക്കാനും പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു തവണ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി, തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും വ്യക്തമാക്കി.
ഇതേ കേസിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജൂണിൽ ഇ.ഡി കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങാനിരിക്കെ സി.ബി.ഐ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നേരത്തെ അഴിമതി കേസിലെ പ്രധാന ഗൂഢാലോചനക്കാരനാണ് കെജ്രിവാളെന്ന് സി.ബി.ഐ അറിയിച്ചതിനെ തുടർന്ന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ സിസോദിയക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ കെജ്രിവാളിനും ഇളവ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.